ഇരിട്ടിയെ കളറാക്കി ബോൺനത്താലെ പാപ്പ ഘോഷയാത്ര: പങ്കെടുത്തത് മൂവായിരം പാപ്പമാർ
ക്രിസ്തുമസ് പാപ്പയുടെ വേഷമണിഞ്ഞ് താളമേളങ്ങളോടെ ക്രിസ്തമസിനെ വരവേറ്റു കൊണ്ടു ചുവട് വെച്ചപ്പോൾ ഇരിട്ടി നഗരം അക്ഷരാർത്ഥത്തിൽ കരോൾ നഗരിയായി മാറി. കൊച്ചുകുട്ടികൾ മുതിർന്നവർ വരെയുളള മൂവായിരത്തോളം പേരാണ് പാപ്പയുടെ വേഷത്തിൽ ക്രിസ്തുമസിനെ വരവേറ്റു
ഇരിട്ടി: ക്രിസ്തുമസ് പാപ്പയുടെ വേഷമണിഞ്ഞ് താളമേളങ്ങളോടെ ക്രിസ്തമസിനെ വരവേറ്റു കൊണ്ടു ചുവട് വെച്ചപ്പോൾ ഇരിട്ടി നഗരം അക്ഷരാർത്ഥത്തിൽ കരോൾ നഗരിയായി മാറി. കൊച്ചുകുട്ടികൾ മുതിർന്നവർ വരെയുളള മൂവായിരത്തോളം പേരാണ് പാപ്പയുടെ വേഷത്തിൽ ക്രിസ്തുമസിനെ വരവേറ്റു കൊണ്ടുളള ഘോഷയാത്രയിൽ അണിനിരന്നത്. തലശേരി അതിരൂപതാ കെ.സി. വൈ. എം മലബാറിലെ കുടിയേറ്റകർഷകരുടെ ഈറ്റില്ലമായ ഇരിട്ടിയിൽ ഇതു അഞ്ചാം തവണയാണ് പാപ്പാറാലി നടത്തുന്നത്.
എടൂർ, കുന്നോത്ത്, നെല്ലിക്കാംപൊയിൽ, മണിക്കടവ്, പേരാവൂർ ഫെറോനകളിൽ നിന്നെത്തിയ വിദ്യാർത്ഥികളും യുവജനങ്ങളും സന്യാസിമാരും പുരോഹിതരും ഉൾപ്പെടെയുളള വൻ ജന സഞ്ചയമാണ് ബോൺനത്താലെ ഘോഷയാത്രയിൽ അണിനിരന്നത്. നിശ്ചലദൃശ്യങ്ങൾ, ബാൻഡ് സംഗീതം എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. പയഞ്ചേരി മുക്കിൽ നിന്നും ആരംഭിച്ച ക്രിസ്തുമസ് റാലി താന്തോട് സെന്റ് ജോസഫ് പളളിയങ്കണത്തിൽ സമാപിച്ചു. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്‌ളാനി പാപ്പാമാരുടെ സംഗമം ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം. എൽ. എ മുഖ്യാതിഥിയായി. തുടർന്ന് ഫാദർ സച്ചിൻ കപ്പൂച്ചിൻ നയിച്ച കലാസന്ധ്യ, കേക്ക് മുറിക്കൽ എന്നിവ നടന്നു.
റോഡിന് ഇരുവശങ്ങളിലും കെട്ടിടങ്ങളിലും ബോൺനത്താലെ കാണാനായി നൂറുകണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു. എല്ലാവർക്കും പാപ്പമാർ പുതുവത്‌സര ആശംസകൾ നേർന്നു. ക്രിസ്മസ് ക്രൈസ്തവരുടെ മാത്രം ആഘോഷമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇരിട്ടി നഗരത്തിൽ നടന്ന ബോൺ നത്താലെ. ക്രിസ്മസ് സാഹോദര്യത്തിന്റെ അടയാളമാണെന്ന് ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്‌ളാനി പറഞ്ഞു.മുഴുവനാളുകൾക്കും ക്രിസ്മസ്, പുതുവത്‌സര ആശംസകൾ നേർന്നാണ് ബിഷപ്പ് തന്റെ ആശംസ അവസാനിപ്പിച്ചത്.