മാതമംഗലം പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: മാതമംഗലം പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം ശനിയാഴ്ച്ച രാവിലെ നടത്തിയ തെരച്ചിലിൽ ഫയർഫോഴ്സ് കണ്ടെത്തി. പെരുവാമ്പയിലെ കോടൂർ മാധവി(70)യാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്. പുഴയിൽ കുറ്റൂർ കൂവപ്പ ഭാഗത്താണ് ശനിയാഴ്ച്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
ഇവരെ വ്യാഴാഴ്ച്ച വൈകിട്ടുമുതലാണ് കനത്ത മഴയിൽ കാണാതായത്. പെരുവാമ്പ പുഴയുടെ കരയിൽ ഇവരുടെ കുട കണ്ടതിനാലാണ് ഒഴുക്കിൽപ്പെട്ടുവെന്ന് ഭർത്താവിനും പ്രദേശവാസികൾക്കും സംശയം തോന്നിയത്. അയൽ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മാധവി വ്യാഴാഴ്ച്ച വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ഭർത്താവ് ടി.കെ ദാമോദരൻ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
കൈയ്യിൽ കുടയുമായാണ് ഇവർ പോയത് മണിക്കൂറുകൾ കഴിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങിവരാത്തതിനെ തുടർന്നാണ് ദാമോദരൻ പ്രദേശവാസികളുടെ സഹായത്തോടെ തെരച്ചിൽ നടത്തിയത്. ഇതിനിടെയാണ് പുഴയുടെ കരയിൽ കുട കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് വ്യാഴാഴ്ച്ചയും തൊട്ടടുത്ത ദിവസം മുഴുവനായും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച്ച രാവിലെ തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.