ബി എൽ ഒ അനീഷ് ജോർജിന്റെ മരണം, സമഗ്രാന്വേഷണം വേണം : കെ കെ വിനോദ് കുമാർ
പയ്യന്നൂർ നിയോജകമണ്ഡലം ബൂത്ത് നമ്പർ 18 ബി എൽ ഒ അനീഷ് ജോർജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
കണ്ണൂർ : പയ്യന്നൂർ നിയോജകമണ്ഡലം ബൂത്ത് നമ്പർ 18 ബി എൽ ഒ അനീഷ് ജോർജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു. അനീഷ് ജോർജിന്റെ കൂടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബി എൽ എ മാരായവർ വീടു വീടാന്തരം കയറി എസ് ഐ ആർ പ്രവർത്തനം നടത്തിവരികയായിരുന്നു. എന്നാൽ സിപിഎമ്മിന്റെ ബി എൽ എ മാരെ മാത്രമേ കൂടെ കൂട്ടാവൂവെന്ന് പറഞ്ഞ് അനീഷ് ജോർജ്ജിന് മേൽ നിരന്തരം സിപിഎം നേതാക്കൾ ഭീഷണിയും സമ്മർദ്ദവും ചെലുത്തി. ഭീഷണിയെ തുടർന്ന് സിപിഎമ്മിന്റെ ബി എൽ എ മാരെ മാത്രമേ കൂടെ കൂട്ടാൻ അനുവദിച്ചുള്ളൂ. സിപിഎമ്മിന്റെ നിരന്തരമായ ഭീഷണിയും സമ്മർദ്ദവുമാണ് അനീഷ് ജോർജിന്റെ ആത്മഹത്യക്ക് കാരണം. മരണത്തിന് കാരണക്കാരായ സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണം.
പ്രസ്തുത ബൂത്ത് ഉൾപ്പെടുന്ന കാങ്കോൽ ആലപടമ്പ് പഞ്ചായത്തിൽ ബിജെപി നേതാവിൻ്റെ വോട്ട് തള്ളിയിരിക്കുകയാണ്. സ്വന്തം വീട്ടിലാണ് താമസിക്കുന്നത് എന്ന് ബോധ്യമായിട്ടും ബിജെപി നേതാവായ എ ജയന്തിയുടെ വോട്ട് പഞ്ചായത്ത് സെക്രട്ടറി തള്ളുകയായിരുന്നു. പിന്നീട് ഇതേ പഞ്ചായത്തിൽ വോട്ട് ചേർക്കാൻ അപേക്ഷ നൽകി. ഹിയറിങ്ങിന് ഹാജരായ ദിവസം സെക്രട്ടറി പഞ്ചായത്ത് ഓഫീസിൽ ഉണ്ടായില്ല. ഇപ്പോൾ എ ജയന്തിക്ക് വോട്ട് നഷ്ടമായിരിക്കുകയാണ്. സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് സെക്രട്ടറി. സിപിഎമ്മിന്റെ മസ്സിൽ പവറിനു മുമ്പിൽ മറ്റുള്ളവർക്ക് ജീവനും വോട്ടും നഷ്ടപ്പെടുകയാണ്. ഇക്കാര്യത്തിൽ ജില്ലാ കലക്ടറുടെയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും അടിയന്തര ഇടപെടൽ വേണം - കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.