തലശേരി നഗരസഭാഭരണം പിടിക്കാന്‍ നേതാക്കളെ വലയിലാക്കാന്‍ ബി.ജെ.പി; കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും അച്ചടക്ക നടപടികളും മുതലെടുക്കാന്‍ അണിയറ നീക്കം തുടങ്ങി

തലശേരിയിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോര് അതിരൂക്ഷമായതോടെ പാര്‍ട്ടി നടപടി നേരിട്ട കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ബി.ജെ.പി അണിയറ നീക്കങ്ങള്‍ തുടങ്ങി.

 

തലശേരി: തലശേരിയിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോര് അതിരൂക്ഷമായതോടെ പാര്‍ട്ടി നടപടി നേരിട്ട കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ബി.ജെ.പി അണിയറ നീക്കങ്ങള്‍ തുടങ്ങി. ഗ്രൂപ്പുപോരിന്റെ പേരില്‍  ഇടഞ്ഞു നില്‍ക്കുന്ന സുധാകരപക്ഷം വിമത നേതാക്കളെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാണ് ബി.ജെ.പി കരുനീക്കങ്ങള്‍ തുടങ്ങിയത്. ജില്ലാകോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്ത  രണ്ടു ഡി.സി.സി ജനറല്‍ സെക്രട്ടറിമാരെയും അതൃപ്തരായ മണ്ഡലം നേതാക്കളെയും നൂറ് പ്രവര്‍ത്തകരെയുമാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പായി തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാൻ  ജില്ലാ നേതൃത്വം ശ്രമിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഡി.സി.സി ജനറല്‍ സെക്രട്ടറി സി.രഘുനാഥിനെ ബി.ജെ.പി മറുകണ്ടം ചാടിച്ചു എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്‌സരിപ്പിച്ചിരുന്നു. യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായ കെ.സുധാകരന് വലിയ ഭീഷണിയായിരുന്നില്ലെങ്കിലും ഒരുലക്ഷത്തിലേറെ വോട്ടുകള്‍ പിടിക്കാന്‍ സി.രഘുനാഥിന് കഴിഞ്ഞിരുന്നു. രഘുനാഥ് മുഖേനെയാണ് പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ തങ്ങളുടെ ചേരിയിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്.

തലശേരിയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് പരിധിവിട്ടതോടെ ജില്ലാകോണ്‍ഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സുധാകര പക്ഷക്കാരനായ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.സി.സജിത്തിനെ പാര്‍ട്ടിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നുമെല്ലാം ഇതിന്റെ ഭാഗമായി നീക്കം ചെയ്തു. 
 ഇന്ദിരാഗാന്ധി സഹകരണാശുപത്രി പ്രസിഡന്റ് കെ.പി സാജുവിനെതിരെ ഇരട്ടപ്പദവി വഹിക്കുന്നുവെന്ന പരാതി സഹകരണവകുപ്പിന് നല്‍കുകയും ഇതേ തുടര്‍ന്ന് സാജുവിനെ പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കുകയും ചെയ്തിരുന്നു. 

ഇതിനു പിന്നില്‍ അഡ്വ.സജിത്തും മൂന്ന് ഡയറക്ടര്‍മാരും ഗൂഡാലോചന നടത്തിയെന്നു പാര്‍ട്ടി തല അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഡി.സി.സി നടപടി സ്വീകരിച്ചത്. ഇതോടൊപ്പം പാര്‍ട്ടി സ്ഥാപനത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് മറ്റൊരു ഡി.സി.സി ജനറല്‍ സെക്രട്ടറി സത്യന്‍ വണ്ടിച്ചാലിനെയും സസ്‌പെന്‍ഡ് ചെയ്തു. ഈ രണ്ടു മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി പ്രസിഡന്റ് പി.കെ രാഗേഷിനെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പളളിക്കുന്ന് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനലിനെതിരെ ബദല്‍പാനലുണ്ടാക്കി മത്‌സരിച്ചതിനാണ് പി.കെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. 

കണ്ണൂര്‍ ജില്ലയില്‍ നടപടി നേരിട്ട അസംഖ്യം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ട്. ഇവരെ ലക്ഷ്യമിട്ടുകൊണ്ടാണ് ബി.ജെ.പി കരുനീക്കങ്ങള്‍ നടത്തുന്നത്. പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനമാണ് ഇവര്‍ക്കായി വാഗ്ദ്ധാനം ചെയ്യുന്നത്. എന്നാല്‍ അതീവ രഹസ്യമായി നടത്തുന്ന നീക്കങ്ങളുടെ ഫലം ഓണം കഴിഞ്ഞാലുണ്ടാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. വിമത നേതാക്കളുടെ സഹായത്തോടെ തലശേരി നഗരസഭാ ഭരണം പിടിക്കാനാണ് ബി.ജെ.പി കരുനീക്കങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ തന്നെ നഗരസഭയിലെ മുഖ്യപ്രതിപക്ഷം ബി.ജെ.പിയാണ്. എന്നാല്‍ താന്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നു അഡ്വ.സി.ടി സജിത്ത് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതീക്ഷയോടെ തങ്ങളുടെ പരിശ്രമങ്ങള്‍ തുടരുകയാണ് ബി.ജെ.പി നേതൃത്വം.