കമ്പപ്പോരിൽ കായിക വകുപ്പ് മന്ത്രിയും എം എൽ എമാരും ബിഷപ്പും ആവേശമായി ചന്ദനക്കാംപാറയിലെ സംസ്ഥാനതല അണ്ടര്‍-19 വടംവലി ചാമ്പ്യന്‍ഷിപ്പ്

സംസ്ഥാന വടംവലി അസോസിയേഷന്റെയും ദിശാദര്‍ശന്റെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ ചന്ദനക്കാംപാറയില്‍ സംഘടിപ്പിച്ച സംസ്ഥാനതല അണ്ടര്‍-19 വടംവലി ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ അനുഭവമായി മാറി.

 

കണ്ണൂർ : സംസ്ഥാന വടംവലി അസോസിയേഷന്റെയും ദിശാദര്‍ശന്റെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ ചന്ദനക്കാംപാറയില്‍ സംഘടിപ്പിച്ച സംസ്ഥാനതല അണ്ടര്‍-19 വടംവലി ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ അനുഭവമായി മാറി. ഉദ്ഘാടകനായി എത്തിയ മന്ത്രി ഒജെ ജനീഷും എം.എൽ എമാരായഅബിൻ വർക്കി, സജീവ് ജോസഫ്, തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി തുടങ്ങിയവരും ജനപ്രതിനിധികളും കായികതാരങ്ങളും അണിനിരന്നതോടെ ഉദ്ഘാടനം ആവേശകരമായി.

ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പാലക്കാട് ജില്ലാ ടീമുകള്‍ ജേതാക്കളായി. മിക്‌സഡ് വിഭാഗത്തില്‍ മലപ്പുറം ജില്ലയാണ് ജേതാക്കള്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കി, കണ്ണൂര്‍ ജില്ലകളും മിക്‌സഡ് വിഭാഗത്തില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

ജേതാക്കള്‍ക്ക് അഡ്വ. സജീവ് ജോസഫ് എംഎല്‍എ ട്രോഫികള്‍ വിതരണം ചെയ്തു. 14 ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം കായിക താരങ്ങള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ വാശിയേറിയ പോരാട്ടമാണ് ടീമുകള്‍ കാഴ്ച വച്ചത്.