ബെനാമി ഇടപാടും അഴിമതിയും ,പി.പി ദിവ്യക്ക് മുഖ്യമന്ത്രിയുടെ ക്ലീൻ ചീറ്റ്; ഉന്നത സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത് വിടും : മുഹമ്മദ് ഷമ്മാസ്
കണ്ണൂർ : പി.പി ദിവ്യയുടെ ബിനാമി ഇടപാടുകളും അഴിമതികളും സംബന്ധിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് വിജിലൻസിന് നൽകിയ പരാതിയിന്മേൽ പി.പി ദിവ്യക്ക് മുഖ്യമന്ത്രിയുടെ ക്ലീൻ ചീറ്റ്. ദിവ്യക്കെതിരെ വിജിലൻസിന് ലഭിച്ച പരാതിയെ സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷൻ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ദിവ്യക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസിന്റെ കണ്ണൂർ യൂണിറ്റ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ടെന്നുള്ള ക്ലീൻ ചീറ്റ് നൽകിയത്.
നിയമസഭയിൽ മുഖ്യമന്ത്രി ക്ലീൻ ചീറ്റ് നൽകുമ്പോൾ ഹൈക്കോടതിയിൽ വിജിലൻസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജി പരിഗണിക്കവെ സർക്കാർ പറഞ്ഞ മറുപടി മറ്റൊന്നായിരുന്നു.സെക്ഷൻ 17(എ) പ്രകാരം പി.പി ദിവ്യക്കെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ ഇത് വരെ തീരുമാനം എടുത്തിട്ടില്ല എന്നും സർക്കാർ മറുപടി നൽകി.
എന്നാൽ എന്ത് കൊണ്ട് പരാതിയിൽ കേസെടുക്കാൻ സർക്കാർ അനുമതി നൽകുന്നില്ല എന്ന് ചോദിച്ച ഹൈക്കോടതി രണ്ട് മാസത്തിനകം പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനമെടുക്കണം എന്ന് സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.വിഷയത്തിൽ സർക്കാർ തീരുമാനം അനുസരിച്ച് ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാം എന്നും അന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ ഉന്നത സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താൻ പി.പി ദിവ്യയുടെ ബെനാമി ഇടപാടുകൾ സംബന്ധിച്ച തന്റെ പരാതിയിലുള്ള അന്വേഷണം സർക്കാർ അട്ടിമറിക്കുന്നത് പൂർണമായും ബോധ്യപ്പെട്ടുവെന്നും പി.പി ദിവ്യ മുഖ്യമന്ത്രിയുടെ മാനസപുത്രിയാണെന്നും എന്ത് വിലകൊടുത്തും ദിവ്യയെ സംരക്ഷിക്കുന്നതിന് പിന്നിൽ പല പ്രമുഖ സി.പി.എം നേതാക്കളുടെയും അഴിമതി ബെനാമി ഇടപാടുകൾ പുറത്തുവരുമെന്ന ഭയമാണെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
ദിവ്യക്കെതിരെ പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും പരാതിയിൽ തന്റെ മൊഴി പോലും രേഖപ്പെടുത്താതെ അന്വേഷണം അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജൂൺ 28 ന് വാർത്താ സമ്മേളനം നടത്തി പറഞ്ഞതിന് തൊട്ട് പിന്നാലെ ജൂലൈ 8 ന് വിജിലൻസ് 17(എ) പ്രകാരം തുടർനടപടിക്ക് സർക്കാരിനോട് അനുമതി തേടുകയായിരുന്നെന്നും മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞത് പോലെ പരാതിയിൽ കഴമ്പില്ല എങ്കിൽ എന്തിനാണ് 17(എ) അനുസരിച്ച് തുടർ നടപടിക്ക് വിജിലൻസ് അനുമതി തേടിയതെന്നും അത്തരം ഒരു അനുമതി തേടുന്നതിന് പരാതിക്കാക്കരൻ കോടതിയെ സമീപിക്കുന്നത് വരെ കാത്തിരുന്നത് എന്തിനാണെന്നും അത് വരെ അന്വേഷണ വിവരങ്ങൾ എല്ലാം മറച്ച് വെച്ച് പരാതിയും അനുബന്ധ റിപ്പോർട്ടുകളും ഉൾപ്പടെ പൂഴ്ത്താൻ ശ്രമിച്ചത് ആരുടെ നിർദേശപ്രകാരമാണെന്നും ചോദിച്ച ഷമ്മാസ് കേസിൽ സർക്കാരിന്റെയും വിജിലൻസിന്റെയും ഒളിച്ചുകളി പകൽ പോലെ വ്യക്തമാണെന്നും മുഖ്യമന്ത്രിയും സർക്കാരും ഈ വിഷയത്തിൽ ഹൈക്കോടതിയെയും നിയമസഭയെയും ഒരുപോലെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ആവശ്യമെങ്കിൽ നിയമവശങ്ങൾ പരിശോധിച്ച് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
സി.പി.എം എന്ന അഴിമതിക്കടലിലെ പരൽ മീൻ മാത്രമാണ് ദിവ്യയെന്നും വൻ സ്രാവുകളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നും ചില ഉന്നത നേതാക്കളെയും ഭരണസംവിധാനങ്ങളെയും ചുറ്റിപ്പറ്റിയുള്ള ഒരു അഴിമതി മാഫിയയുടെ പ്രവർത്തനങ്ങളുടെ തെളിവുകൾ ഉടൻ പുറത്ത് വിടുമെന്നും മുഹമ്മദ് ഷമ്മാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.