ബീക്കണ്‍ ടൗണ്‍ ആദ്യഘട്ടം; പുതുമോടിയില്‍ കണ്ണൂർ ജില്ലയിലെ 63 പട്ടണങ്ങൾ
കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രൊജക്ട് ബീക്കണ്‍ ടൗൺ ഒന്നാംഘട്ടം 63 തദ്ദേശ സ്ഥാപനങ്ങളില്‍ പൂര്‍ത്തിയായി.
കണ്ണൂർ: കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രൊജക്ട് ബീക്കണ്‍ ടൗൺ ഒന്നാംഘട്ടം 63 തദ്ദേശ സ്ഥാപനങ്ങളില്‍ പൂര്‍ത്തിയായി. ബീക്കണ്‍ ടൗണ്‍ പ്രഖ്യാപനം നടത്തിയ 63 പട്ടണങ്ങളും നഗരഭാഗങ്ങളും ശുചിത്വത്തിന്റെ പുതിയ മാതൃകാ പ്രദേശങ്ങളായി മാറി. ഓരോ തദ്ദേശ സ്ഥാപനത്തിലെയും തെരഞ്ഞെടുത്ത പ്രദേശങ്ങളെ വൃത്തിയുടെയും ഭംഗിയുടെയും കാര്യത്തില്‍ മാതൃകാ ഇടങ്ങളാക്കി മാറ്റുന്നതാണ് ബീക്കണ്‍ ടൗണ്‍ പദ്ധതി.
പദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ 130ലധികം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. 'എന്റെ ടൗണ്‍ എന്റെ അഭിമാനം' എന്ന ആശയത്തിലൂടെ പൊതുഇടങ്ങളുടെ സംരക്ഷണവും പരിപാലനവും പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഓഗസ്റ്റ് 15ന് ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ മാതൃകാപരമായ ഇടപെടലുകളാണ് തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.
ബീക്കണ്‍ ടൗണായി തെരഞ്ഞെടുക്കുന്ന പ്രദേശങ്ങളില്‍ ബേസ് ലൈന്‍ സര്‍വേ നടത്തിയ ശേഷമാണ് ജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. മാലിന്യ സംസ്കരണം, പൊതു ഇടങ്ങളുടെ ശുചീകരണം, പൊതുശൗചാലയം, വിശ്രമകേന്ദ്രങ്ങള്‍, നടപ്പാതകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സൗന്ദര്യ വല്‍ക്കരണം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. സ്ഥിരമായി മാലിന്യം നിക്ഷേപിക്കപ്പെടുന്ന ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി അവയെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കി. പൊതുഇടങ്ങളിലെ തുപ്പല്, മൂത്രവിസര്‍ജനം എന്നിവ തടയുന്നതിനും നടപടികള്‍ കൈക്കൊണ്ടു. റോഡ് സുരക്ഷ, ഹരിതവല്‍ക്കരണം, പാര്‍ക്കുകള്‍ ഒരുക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി.
ശുചിത്വ മിഷന് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലയില്‍ പദ്ധതി പുരോഗമിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുട സജീവപങ്കാളിത്തം ബീക്കണ്‍ ടൗണ്‍ പദ്ധതിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ജില്ലയിലെ മറ്റു തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വരും ദിവസങ്ങളില്‍ ബീക്കണ്‍ ടൗണ്‍ പ്രഖ്യാപനം നടക്കും.
നിലവില്‍ ബീക്കണ്‍ ടൗണായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതലസംഘം വരുംദിവസങ്ങളില്‍ പരിശോധന നടത്തും. കുടുതല്‍ ഫണ്ട് ആവശ്യമുള്ള പ്രവൃത്തികള്‍ നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം 2027 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.