ഗതാഗത കുരുക്കിന് പരിഹാരമേകാൻ കണ്ണൂരിൽ ഓട്ടോമാറ്റിക്ക് മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രങ്ങൾ..

കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി കോർപറേഷൻ നിർമ്മിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിങ്ങ് നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി. സെപ്തംബറിൽ ഇതു നാടിന് സമർപ്പിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.
 

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി കോർപറേഷൻ നിർമ്മിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിങ്ങ് നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി. സെപ്തംബറിൽ ഇതു നാടിന് സമർപ്പിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ വൻനഗരങ്ങളായ കൊച്ചിയെയും തിരുവനന്തപുരത്തെയും വെല്ലുന്ന വൻകിട കാർ പാർക്കിങ് കേന്ദ്രങ്ങളാണ് കണ്ണൂർ നഗരത്തിലെ രണ്ടിടങ്ങളിൽ ഉയരുന്നത്. 

കണ്ണൂർ ജവഹർസ്റ്റേഡിയത്തിന് സമീപമുള്ള സ്വാതന്ത്ര്യ സമര പോരാളികളുടെ സ്മാരക സ്തൂപത്തിന് സമീപവും ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ പ്ലാസ ജങ്ഷനിലുമാണ് മൾട്ടി ലെവൽ ഓട്ടോമാറ്റിക്ക് കാർ പാർക്കിങ് കേന്ദ്രങ്ങളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. ഇവയുടെ ട്രയൽ റൺ വിജയകരമായിട്ടുണ്ട്. അവസാന ഘട്ട മിനുക്ക് പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. 

വരുന്ന സെപ്തംബറിൽ പദ്ധതി നാടിന് സമർപ്പിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. പൂനൈ ആസ്ഥാനമായുള്ള കമ്പിനിയാണ് കരാറുകാർ. നാലുവർഷംമുൻപ് അഡ്വ. ടി.ഒ.മോഹനൻ മേയറായിരുന്ന കാലത്താണ് കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി തുടങ്ങിയത്. കരാറിലെ സാങ്കേതിക പ്രശ്നങ്ങളും കൊവിഡ് അടച്ചു പൂട്ടലും പദ്ധതി മന്ദഗതിയിലാക്കിയെങ്കിലും ഇപ്പോൾ ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുകയാണ്. 11 .25 കോടി ചെലവിലാണ് പദ്ധതി നടപ്പിലിക്കുന്നത്. 

ഏഴു നിലകളിലായാണ് ജവഹർസ്റ്റേഡിയം പരിസരത്ത് മൾട്ടി ലെവൽ പാർക്കിങ്ങ് കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. ഏഴു നിലകളിൽ 108 കാർ ഇവിടെ പാർക്ക് ചെയ്യാം. പ്ലാസയിലെ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിൽ അഞ്ചു നിലകളുണ്ട്. ഇവിടെ 32 കാറുകൾ പാർക്ക് ചെയ്യാം. ഇരു പാർക്കിങ് കേന്ദ്രങ്ങളുടെയും പ്രവർത്തനം പൂർണമായും ഓട്ടോമാറ്റിക്കാണ് കൗണ്ടറിൽ നിന്നെടുത്ത ടോക്കണിൽ വാഹന നമ്പർ സമയം നിലകൾ എന്നിവ രേഖപ്പെടുത്തും. 

മുൻപിലെ സെൻസറിൽ സ്വൈപ്പ് ചെയ്യുന്നതിലൂടെ പാർക്ക് ചെയ്യേണ്ട നിലയിലെ റാപ്പ് താഴേക്ക് എത്തും. വാഹനം റാപ്പിൽ കയറ്റിയതിന് ശേഷം ഡ്രൈവർക്ക് പുറത്ത് ഇറങ്ങാം. ഇതിനു ശേഷം റാപ്പ് പാർക്ക് ചെയ്യേണ്ട സ്ഥലത്തെത്തും വാഹനം തിരികെയെടുക്കാൻ എത്തുമ്പോൾ വീണ്ടും ബൂത്തിൽ കാർഡ് സ്വൈപ്പ് ചെയ്യണം. ഇതിനു ശേഷം വാഹനം താഴെ എത്തുമ്പോൾ അലാറാം മുഴങ്ങും. പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നതെന്നും ഇലക്ട്രിക്കൽ വർക്ക് മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. രണ്ടു മാസം കൊണ്ടു ഇലക്ട്രിക്കൽ വർക്ക് പൂർത്തീകരിച്ച് പദ്ധതി സർക്കാരിന് സമർപ്പിക്കുമെന്ന് മേയർ അറിയിച്ചു.