ചാലയിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ വീണ്ടും സംഘർഷം; ആശുപത്രി പരിസരത്ത് പാർക്കിങ്ങിനെച്ചൊല്ലി തർക്കം രൂക്ഷം
ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രി പരിസരത്തുള്ള ഓട്ടോ സ്റ്റാൻഡിൽ പാർക്കിങ്ങിനെച്ചൊല്ലി സംഘർഷവും കയ്യാങ്കളിയും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തൊഴിലാളികൾ തമ്മിൽ തുടർച്ചയായ വാക്കേറ്റവും കയ്യാങ്കളിയുമാണ് നടക്കുന്നത്.
ചാല: ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രി പരിസരത്തുള്ള ഓട്ടോ സ്റ്റാൻഡിൽ പാർക്കിങ്ങിനെച്ചൊല്ലി സംഘർഷവും കയ്യാങ്കളിയും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തൊഴിലാളികൾ തമ്മിൽ തുടർച്ചയായ വാക്കേറ്റവും കയ്യാങ്കളിയുമാണ് നടക്കുന്നത്. ബേബി മെമ്മോറിയൽആ ശുപത്രിക്ക് സമീപം സർവീസ് നടത്തുന്ന നിരവധി ഓട്ടോറിക്ഷകളുണ്ട്. ഇവർ ഇവിടെ പാർക്ക് ചെയ്യുന്നത് എല്ലാ യൂണിയനുകളും ചേർന്നെടുക്കുന്ന കൂട്ടായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ്.പുറമേ നിന്നുള്ള ഓട്ടോകൾ ഇവിടെ പാർക്ക് ചെയ്യാൻ അനുവദിക്കാത്തതാണ് പ്രശ്നത്തിന് കാരണമായി ഒരുവിഭാഗം പറയുന്നത്. എസ്.ഡി.ടി.യു യൂണിയനും മറ്റ് തൊഴിലാളി സംഘടനകളും തമ്മിലാണ് പ്രശ്നം.
നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അംഗീകരിച്ച ഔദ്യോഗിക സ്റ്റാൻഡ് ഈ ഭാഗത്തില്ല. എന്നാൽ, നിലവിലുള്ള തൊഴിലാളികൾ പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ ചേർന്നെടുത്ത കൂട്ടായ തീരുമാനപ്രകാരമാണ് ഇവിടെ ഓട്ടോകൾ പാർക്ക് ചെയ്ത് സർവീസ് നടത്തുന്നത് .ഇതിനിടയിൽ പുതിയ ഓട്ടോറിക്ഷകൾ ഇവിടെ എത്തുന്നതാണ് തർക്കത്തിന് വഴിവെക്കുന്നത്.
ഓട്ടോ തൊഴിലാളികൾ തമ്മിലുള്ള ഈ പോര് ആശുപത്രിയിലെത്തുന്ന രോഗികളെയും ബന്ധുക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ദൂരപ്രദേശങ്ങളിൽ നിന്നെത്തുന്ന സാധാരണക്കാരായ രോഗികൾ ആപത്രിയിൽ നിന്നും മടങ്ങാൻ പ്രധാനമായും ആശ്രയിക്കുന്നത് ഈ സ്റ്റാൻഡിലെ ഓട്ടോറിക്ഷകളെയാണ്. തൊഴിലാളികൾ തമ്മിലുള്ള സംഘർഷം ഭയന്ന് പലരും ഓട്ടോയിൽ കയറാൻ മടിക്കുന്ന സാഹചര്യമാണുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള അടിയന്തര ഇടപെടലാണ് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം. കോർപ്പറേഷനും പഞ്ചായത്തും മുൻകൈയെടുത്ത് ആശുപത്രി പരിസരത്ത് അംഗീകൃത ഓട്ടോ സ്റ്റാൻഡ് അനുവദിക്കണമെന്നും, കൃത്യമായ മാനദണ്ഡങ്ങളോടെ വാഹനങ്ങൾക്ക് പാസ് സംവിധാനം ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കായില്ലെങ്കിൽ വരും ദിവസങ്ങളിലും സംഘർഷം തുടരാൻ സാധ്യതയുണ്ട്.