കണ്ണൂരിൽ സമസ്തയുടെ ജില്ലാ ആസ്ഥാനത്തിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ അടിച്ച് തകർത്തു
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് നേരെ ആക്രമണം. കണ്ണൂർ ട്രെയിനിങ് സ്കൂളിന് സമീപമുള്ള സമസ്തയുടെ ആസ്ഥാന മന്ദിരമായ ഇസ്ലാമിക് സെന്ററിലാണ് സംഘർഷവും ആക്രമണവും അരങ്ങേറിയത്. ഓഫീസിലെ ജനൽ ഗ്ലാസ് ചില്ലുകൾ അടിച്ചുതകർത്തു.
കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് നേരെ ആക്രമണം. കണ്ണൂർ ട്രെയിനിങ് സ്കൂളിന് സമീപമുള്ള സമസ്തയുടെ ആസ്ഥാന മന്ദിരമായ ഇസ്ലാമിക് സെന്ററിലാണ് സംഘർഷവും ആക്രമണവും അരങ്ങേറിയത്. ഓഫീസിലെ ജനൽ ഗ്ലാസ് ചില്ലുകൾ അടിച്ചുതകർത്തു.
എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂർ മേഖലാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ഇന്നലെ രാത്രി വൈകിയുള്ള ആക്രമണത്തിൽ കലാശിച്ചത്. നേരത്തെ മട്ടന്നൂർ പഴശ്ശിയിൽ വെച്ച് കൗൺസിൽ സംഗമം വിളിച്ചുചേർത്തപ്പോൾ മുടങ്ങിയിരുന്നു. ഇതേത്തുടർന്നാണ് പ്രശ്നപരിഹാരത്തിനായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ട് കണ്ണൂരിലെ സമസ്ത ജില്ലാ ആസ്ഥാനത്ത് കൗൺസിൽ മീറ്റ് വിളിച്ചുചേർത്തത്.
യോഗം നടന്നുകൊണ്ടിരിക്കെ കൗൺസിലർമാരോ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരോ അല്ലാത്ത സംഘം ഇസ്ലാമിക് സെൻ്ററിലേക്ക് അതിക്രമിച്ചു കയറി ബഹളമുണ്ടാക്കുകയും ഓഫീസിന് നേരെ അക്രമം അഴിച്ചുവിടുകയുമായിരുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ പറഞ്ഞു. അക്രമത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് ആരോപണമുണ്ട് സമസ്ത ഭാരവാഹി യുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, നേതാക്കളായ എം.വിജയരാജൻ, പി ശശി, കെ കെ രാഗേഷ് എന്നിവർ തകർക്കപ്പെട്ട ഇസ്ലാമിക് സെൻ്റർ സന്ദർശിച്ചു.