വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ; കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ
സംസ്ഥാനത്ത് വയോജനങ്ങളുടെ പരാതികൾ ഏറിവരുന്ന സാഹചര്യത്തിൽ ഇവർക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് വയോജന കമ്മീഷൻ ചെയർമാൻ അഡ്വ. കെ. സോമപ്രസാദ്.
കണ്ണൂർ:സംസ്ഥാനത്ത് വയോജനങ്ങളുടെ പരാതികൾ ഏറിവരുന്ന സാഹചര്യത്തിൽ ഇവർക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് വയോജന കമ്മീഷൻ ചെയർമാൻ അഡ്വ. കെ. സോമപ്രസാദ്.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്ങ് നടത്തി സംസാരിക്കുകയായിരുന്ന അദ്ദേഹം. സ്വത്ത് തർക്കങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, ഗാർഹിക പീഢനം, ഒറ്റപ്പെടുത്തലുകൾ എന്നിങ്ങനെ വിവിധങ്ങളായ പരാതികളാണ് കമ്മീഷന് മുന്നിൽ അനുദിനം വരുന്നത്. വാർദ്ധക്യ കാലത്ത് കുടുബ ബന്ധങ്ങളിൽ നേരിടുന്ന വിള്ളലുകളിൽ ഏറ്റവും കൂടുതൽ ഇരയാകുന്നത് വയോജനങ്ങളാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികളിൽ ഒറ്റപ്പെട്ടുപോകുന്നവർ ധാരാളമാണ്. ഇവരുടെ പരാതികൾ അങ്ങേയറ്റം ഗൗരവമുള്ളതാണ്. ഈ പരാതികളിൽ കൃത്യമായ അന്വേഷണം നടത്തി കമ്മീഷൻ പരിഹാരം കണ്ടെത്തും.
പരാതിക്കാരെയും പരാതിയിൽ പരാമർശിക്കപ്പെട്ടവരെയും കമ്മീഷൻ നേരിട്ട് കേൾക്കും. പരാതി പരിഹാരത്തിന് ജില്ലകൾ തോറും സിറ്റിങ്ങ് നടത്തും. പരാതി പരിഹാരത്തിന് ഇതര വകുപ്പുകളിൽ നിന്നും അന്വേഷണം ആവശ്യമുണ്ടെങ്കിൽ ഈ നടപടികളും പൂർത്തിയാക്കും. കോടതി ഇടപെടേണ്ട കേസുകളിൽ കമ്മീഷന് നേരിട്ട് ഇടപെടാൻ കഴിയില്ല. അല്ലാത്ത തരത്തിലുള്ള എല്ലാ വിധ പരാതികളും കമ്മീഷൻ മുഖേന നീതി ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. 60 വയസ്സിന് മുകളിലുള്ള ഏതൊരാൾക്കും കമ്മീഷന് മുന്നിൽ പരാതി സമർപ്പിക്കാം. വയോജനങ്ങളുടെ ക്ഷേമമാണ് പരമമായ ലക്ഷ്യം. പരാതിയുടെ ഗൗരവം അനുസരിച്ച് കൗൺസിലിങ്ങിലൂടെയും ചർച്ചകളിലൂടെയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കും. വയോജനങ്ങൾ നേരിടുന്ന അവഗണനയും ചൂഷണവും തടയുക, അശരണരായ വയോജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കുക. നിയമപരമായ മാർഗ്ഗ നിർദ്ദേശം നൽകുകയെന്നതെല്ലാം വയോജന കമ്മീഷന്റെ ലക്ഷ്യങ്ങളാണെന്ന് അഡ്വ. കെ. സോമപ്രസാദ് പറഞ്ഞു.
ജില്ലയിൽ നടന്ന ആദ്യ സിറ്റിങ്ങിൽ 25 പരാതികളാണ് പരിഗണിച്ചത്. രണ്ട് പരാതികളിൽ ഹിയറിങ്ങ് നടത്തി. ബാക്കിയുള്ള പരാതികളിൽ അടുത്ത സിറ്റിങ്ങിൽ എതിർ കക്ഷികളെ കേൾക്കും. വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ജില്ലയിലെ വിവിധ സംഘടനകളും വ്യക്തികളും കമ്മീഷന് മുന്നിൽ പരാതികളും ആവശ്യങ്ങളും ബോധിപ്പിക്കാൻ എത്തിയിരുന്നു. ജനകീയ വിഷയങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം തേടി പരാതികൾ തീർപ്പാക്കും.
തലശ്ശേരി കീഴല്ലൂരിലെ പകൽ വീട് നിർമ്മിക്കാൻ സ്ഥലം സ്വകാര്യ വ്യക്തി നൽകിയെങ്കിലും ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതായതിനാൽ അനുമതി ലഭിച്ചില്ല തുടങ്ങിയ പൊതു പരാതികളിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും കമ്മീഷൻ വിശദീകരണം തേടും. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജു, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ സിറ്റിങ്ങിൽ പങ്കെടുത്തു.