പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്ന തൃശൂർ സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ

പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്ന സംഘത്തെ  പൊലീസ് അതിസാഹസികമായിപിന്തുടർന്ന് പിടികൂടി.  ചാവക്കാടു നിന്നാണ് മൂന്നംഗ സംഘം  പിടിയിലായത്.   

 

പാനൂർ:പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്ന സംഘത്തെ  പൊലീസ് അതിസാഹസികമായിപിന്തുടർന്ന് പിടികൂടി.  ചാവക്കാടു നിന്നാണ് മൂന്നംഗ സംഘം  പിടിയിലായത്.  തൃശ്ശൂർ ചാവക്കാട് സ്വദേശികളായ ഇസ്മയിൽ, ഷാഹിദ്, കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. 

കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.കിഴക്കെ ചമ്പാട് കുറിച്ചിക്കരയിലെ ഫ്രൂട്സ് കടക്ക് സമീപത്തായി നിർത്തിയിട്ട കെ.എൽ 58 എ.ജി 7707 നമ്പർ സ്വിഫ്റ്റ് കാറാണ് ചൊവ്വാഴ്ച്ച പുലർച്ചെ മോഷണം പോയത്. കുറിച്ചിക്കരയിൽ   താമസിക്കുന്ന മിഥിലാജിൻ്റെതായിരുന്നു കാർ. പാനൂർ  സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ജി.പി.എസ് സംവിധാനത്തിൻ്റെ സഹായത്തോടെ കാറിൻ്റെ സഞ്ചാരപഥം കണ്ടെത്തി പിന്തുടരുകയായിരുന്നു. 

ഒടുവിൽ തൃശ്ശൂർ ചാവക്കാട് റോഡിൽ വച്ച് കാറിനെ കണ്ടെത്തുകയും, പ്രതികളെ പിടികൂടുകയുമായിരുന്നു. തൃശ്ശൂർ സ്വദേശികളായ ഇസ്മയിൽ, ഷാഹിദ്, കണ്ണൻ എന്നിവരെ അറസ്റ്റു ചെയ്തു.  കേസിൽ  ഇനിയും പ്രതികളുണ്ട്. പരാതിക്കാരനായ മിഥിലാജ് സുഹൃത്തുമായി സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെ തുടർന്ന് സുഹൃത്ത് കൊട്ടേഷൻ നൽകിയതനുസരിച്ചാണ് പ്രതികൾ തൃശ്ശൂരിൽ നിന്നെത്തി കാർ കവർന്ന് മടങ്ങിയത്. കാറിൽ ജിപിഎസ് സംവിധാനമുള്ള കാര്യം പ്രതികൾ അറിഞ്ഞിരുന്നില്ല. ഇതാണ് പിടിയിലാകാൻ കാരണമായത്.

പാനൂർ പ്രിൻസിപ്പൽ എസ്ഐ പി.ജി രാംജിത്ത്, എസ്.ഐ രാജീവൻ ഒതയോത്ത്, എസ്.സി.പി.ഒ ശ്രീജിത്ത് കോടിയേരി, സി പി ഒ കെ. വിപിൻ, സജേഷ്  എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.