മൊബൈൽ ഫോൺ ഉപയോഗിക്കാതെ, ഇടയ്ക്കിടെ മാത്രം വീട്ടിലെത്തി; തമിഴ്നാട്ടിൽ ഒളിവുജീവിതം : പ്രത്യേക അന്വേഷണ സംഘത്തിന്റെ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അറസ്റ്റ്

2012ലെ കൊലക്കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ കാക്കംപാലത്ത് (27) മണികണ്ഠനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി സി. ആനന്ദിനെയാണ്

 


കണ്ണൂർ: 2012ലെ കൊലക്കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ കാക്കംപാലത്ത് (27) മണികണ്ഠനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി സി. ആനന്ദിനെയാണ് (38) തമിഴ്നാട്ടിലെ കോയമ്പത്തൂർ കങ്കയംപാളയത്ത് നിന്ന് പോലീസ് പിടികൂടിയത്.2012 ഡിസംബർ 2ന് അഴീക്കോട് പഞ്ചായത്തിലെ കാക്കംപാലത്തെ ഇസ്മയിൽ ക്വാർട്ടേഴ്സിന് സമീപം രാത്രി 7.15ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. മരക്കഷണം ഉപയോഗിച്ച് മണികണ്ഠന്റെ തലയിൽ മർദ്ദിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ പിന്നീട് മരണപ്പെടുകയായിരുന്നു.

വളപട്ടണം പോലീസ് കേസെടുത്ത് ആനന്ദിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.ഒളിവിൽ കഴിഞ്ഞിരുന്ന ആനന്ദ് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. 2021ൽ തമിഴ്നാട്ടിലെ സുലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു കൊലപാതകകേസിലും ഇയാൾ പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കോയമ്പത്തൂർ കങ്കയംപാളയത്തെ വീട്ടിൽ ആനന്ദ് ഇടയ്ക്കിടെ എത്താറുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച സംഘം കൃത്യമായ അവസരം കണ്ടെത്തി കങ്കയംപാളയത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്.-ന്റെ മേൽനോട്ടത്തിലും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭാരത് റെഡ്ഡി ഐ.പി.എസ്.-ന്റെ നിർദേശപ്രകാരവുമാണ് നടപടി.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ എ.സി.പി, വി.വി. മനോജ്, കണ്ണൂർ ടൗൺ എ.സി.പി അസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോൺ ഉപയോഗിക്കാതെയും സ്ഥിരമായി ഒരിടത്ത് താമസിക്കാതെയും വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ രഹസ്യ അന്വേഷണത്തിലൂടെ കണ്ടെത്തിയാണ് പോലീസ് വലയിലാക്കിയത്.കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘങ്ങളായ SI വിനോദ്, SI ഷാജി Asi മാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലവൻ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ്  എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തിലുണ്ടായിരുന്നത്.