അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷിച്ച മുന്‍ ഡി.വൈ. എസ്.പി പി.സുകുമാരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ബി.ജെ.പി മെംപര്‍ ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

 

കണ്ണൂര്‍: ബി.ജെ.പി മെംപര്‍ ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി വാഗ്ദാനം ചെയ്ത ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. അത് ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പാണ്. 

വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭരിക്കുന്നത്. പുതിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുകളുരുന്നത് സ്വാഭാവികമാണ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി അംഗത്വ കാമ്പയിന്‍ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. എസ്. എഫ് തളിപറമ്പ് മണ്ഡലം ഭാരവാഹിയായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷിക്കുകയും  സി.പി. എം മുന്‍കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍, മുന്‍ എം. എല്‍. എ ടി.വി രാജേഷ് എന്നിവരെ ഗൂഡാലോചന കേസില്‍ പ്രതികളാക്കി അറസ്റ്റു ചെയ്ത അന്നത്തെ കണ്ണൂര്‍ സി. ഐയും മുന്‍ഡി.വൈ. എസ്.പിയുമായ പി. സുകുമാരന് ബി.ജെ.പി അംഗത്വം നല്‍കി സംസാരിക്കുകയായിരുന്നു കുമ്മനം.


ബിജെപി മുന്നോട്ട് വെച്ച പ്രകടനപത്രിക കേവലം വോട്ട് തട്ടിയെടുക്കാനുള്ള ആകര്‍ഷകമായ മുദ്രാവാക്യമെന്ന നിലയ്ക്കായിരുന്നില്ല. മറിച്ച് കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് വേണ്ടിയായിരുന്നു.ഭാവി ഭാരതം എന്നത് ലോകത്തിലെ ഒന്നാമത്തെ ശക്തിയായി വളരുകയെന്നതാണ്. 2047 ല്‍ ഭാരതത്തിന്റെ നൂറാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ എല്ലാ രംഗത്തും ഒന്നാമത്തെ ശക്തിയായി വളരുകയാണ് നാം ലക്ഷ്യമിടുന്നത്. മോദി സര്‍ക്കാര്‍ ചെയ്യുമെന്ന് പറഞ്ഞതെല്ലാം നടപ്പാക്കി വിജയിപ്പിച്ച് കാണിച്ചിട്ടുണ്ട്. ഒരു രാഷ്ട്രം ഒരു നികുതി, ഒരു രാഷ്ട്രം ഒരു നിയമം ഇവയെല്ലാം നടപ്പാക്കുമ്പോള്‍ ബാറതത്തിലെ ജനങ്ങളിലുണ്ടാകുന്ന ദേശീയോദ്ഗ്രദനം നാം കാണാതെ പോവരുത്. എല്ലാ പൗരന്‍മാര്‍ക്കും ഒരു സിവില്‍ നിയമമെന്നത് ഭാരതീയ ജനതാപാര്‍ട്ടി നല്‍കിയ ഉറപ്പാണ്.

 ഭരണഘടന അനുശാസിക്കുന്ന മൗലികമായ അവകാശങ്ങള്‍ അനുഭവിക്കാന്‍ എല്ലാ പൗരന്‍മാര്‍ക്കും അവകാശമുണ്ട്. അതിനുള്ള സാഹര്യമുണ്ടാവണം. അതിന് ഏതെങ്കിലും തരത്തിലുള്ള അതിര്‍വരമ്പുകളുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ്സ് മുന്‍ ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് എം.കെ. രാജുവും  കുമ്മനം രാജശേഖരനില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. ദേശീയ സമിതിയംഗം സി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആര്‍. സുരേഷ് നന്ദിയും പറഞ്ഞു.