മായയെ തീർത്തത് ആസൂത്രിതമായി ; മനോവേദനയാൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് ആരവിൻ്റെ മൊഴി

കാമുകിയെ കൊല്ലാനിടയാക്കിയത് തൻ്റെ മറ്റു സൗഹൃദങ്ങളെ ചോദ്യം ചെയ്തതിനും അവരുടെ സോഷ്യൽ മീഡിയ ബന്ധങ്ങളെ കുറിച്ചുള്ള സംശയത്താലാണെന്നും അറസ്റ്റിലായ പ്രതിയുടെ മൊഴി.

 

കണ്ണൂർ : കാമുകിയെ കൊല്ലാനിടയാക്കിയത് തൻ്റെ മറ്റു സൗഹൃദങ്ങളെ ചോദ്യം ചെയ്തതിനും അവരുടെ സോഷ്യൽ മീഡിയ ബന്ധങ്ങളെ കുറിച്ചുള്ള സംശയത്താലാണെന്നും അറസ്റ്റിലായ പ്രതിയുടെ മൊഴി.

വ്ലോഗറായ അസമീസ് യുവതി മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പ്രതിയും കണ്ണൂർ തോട്ടട കിഴുന്നപ്പാറ സ്വദേശിയുമായ  ആരവ് ഹനോയി പൊലിസിന്  മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ നവംബർ 24-ന് അർദ്ധരാത്രിയോടെയാണ് മായയെ കൊലപ്പെടുത്തിയത്. ശേഷം മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചു.

മായയെ കൊലപ്പെടുത്തിയ കയർ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇത് മുറുകാതെ വന്നതിനാൽ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു.
പിന്നീട് 26-ന് രാവിലെ വരെ ആ മുറിയിൽത്തന്നെ കഴിഞ്ഞുവെന്നും അതിന് ശേഷം മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലേക്ക് ഊബർ വിളിച്ച് പോയെന്നുമാണ് മൊഴി.

ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പല ട്രെയിനുകൾ മാറിക്കയറി വാരാണസിയിലെത്തിയെന്നും പ്രതി പറഞ്ഞു. 28-ന് വൈകിട്ടോടെയാണ് ആരവ് മുത്തച്ഛനെ ഫോണിൽ വിളിച്ചത്. ഈ കോൾ പൊലീസ് പിന്തുടർന്നു. എന്നാൽ യാത്രയിലായിരുന്ന ആരവിനെ കണ്ടെത്തുക പ്രയാസമായി. പക്ഷെ താൻ കീഴടങ്ങാമെന്ന് പ്രതി തന്നെ അറിയിച്ചത് പൊലീസിൻ്റെ ശ്രമം എളുപ്പത്തിലാക്കി.

സംശയത്തെ തുട‍ർന്നാണ് മായയെ കൊലപ്പെടുത്തിയതെന്നാണ് ആരവിൻ്റെ മൊഴി. ആറ് മാസം മുൻപ് ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്. പിന്നീട് മായ മറ്റാരോടോ സൗഹൃദം സ്ഥാപിച്ചെന്ന് ആരവിന് സംശയമായി. ഇതിനിടെ തൻ്റെ ചില ബന്ധങ്ങൾ അവൾ ചോദ്യം ചെയ്തതും വൈരാഗ്യമായി.

അപ്പാർട്ട്മെന്‍റിൽ മുറിയെടുത്ത ശേഷം ഇക്കാര്യം ചോദിച്ച് ഇവർ തമ്മിൽ വഴക്കായി. മായയെ കൊലപ്പെടുത്താനെന്ന ഉദ്ദേശത്തിലാണ് ആരവ് ഇവിടെ എത്തിയത്. ഇതിനായി ഓൺലൈനിൽ നിന്ന് കത്തിയും കയറും ഓർഡർ ചെയ്തിരുന്നു.

വഴക്കിന് പിന്നാലെ മായയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നും പ്രതി ബംഗ്ളൂര് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ദിരാ നഗർ പൊലിസ് അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കും.