ലഹരി മാഫിയ തഴച്ച് വളരാന്‍ കാരണം പിണറായിയുടെ ആഭ്യന്തര വകുപ്പ് ; എ.പി. അബ്ദുളളക്കുട്ടി

ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ ലഹരി വിരുദ്ധ മാര്‍ച്ച് സംഘടിപ്പിച്ചു. 'സഖാക്കളും സുഡാപ്പികളും നയിക്കുന്ന ലഹരി മാഫിയകള്‍ ഉറഞ്ഞുതുള്ളുന്നു'

 

കണ്ണൂര്‍ : ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ ലഹരി വിരുദ്ധ മാര്‍ച്ച് സംഘടിപ്പിച്ചു. 'സഖാക്കളും സുഡാപ്പികളും നയിക്കുന്ന ലഹരി മാഫിയകള്‍ ഉറഞ്ഞുതുള്ളുന്നു' എന്ന മുദ്രാവാക്യവുമായി പ്രഭാത് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.  

സംസ്ഥാനത്ത് ലഹരി മാഫിയ തഴച്ച് വളരാന്‍ കാരണം പിണറായിയുടെ ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി പറഞ്ഞു. ലഹരി വര്‍ത്തമാന കേരളത്തിലെ ഏറ്റവും വലിയ വിഷയമായി മാറിയിരിക്കുകയാണ്.

കേരളത്തില്‍ ഇന്ന് മലയാളികള്‍ ജീവിക്കുന്നത് ലഹരിയാകുന്ന വലിയ അഗ്‌നി പര്‍വ്വതത്തിന് മുകളിലാണ്. ഏത് സമയവും ആ അഗ്‌നിപര്‍വ്വതം പൊട്ടി വലിയ വിപത്ത് സമൂഹത്തിലുണ്ടാക്കും. ഇതിനെ പ്രതിരോധിക്കാന്‍ സമൂഹത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ പോലും സാര്‍വ്വത്രികമായി ലഹരി ഉപയോഗിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ സമൂഹം അതിനെതിരെ രംഗത്ത് വന്നു. അപ്പോള്‍ മാത്രമാണ് ആഭ്യന്തര വകുപ്പിന് കാര്യം ബോധ്യമായത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് എസ്എഫ്‌ഐക്കാര്‍ ലഹരി വില്‍പ്പന നടത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ അന്ന് സര്‍ക്കാര്‍ ഇടപെട്ടില്ല.

അന്ന് ഇടപെട്ടിരുന്നുവെങ്കില്‍ ഇന്നത്തെ ഭീതിജനകമായ അന്തരീക്ഷം സംസ്ഥാനത്തുണ്ടാകില്ലായിരുന്നു. ലഹരി വില്‍പ്പനയുടെ പേരില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ജിഹാദികളും സഖാക്കളുമാണ്. സിപിഎമ്മിന്റെ ഒരു എംഎല്‍എക്ക് തുറന്നു പറയേണ്ടി വന്നു ലഹരി വില്‍പ്പനയില്‍ പിടിക്കപ്പെടുവര്‍ സ്വന്തക്കാരാണെന്ന്. ഏതാനും വര്‍ഷം മുമ്പ് ബിഷപ്പ് ഇക്കാര്യം പറഞ്ഞപ്പോള്‍ അയാളെ കടന്നാക്രമിക്കുകയായിരുന്നു.

കേരളത്തെ രക്ഷിക്കാനുളള പോരാട്ടമാണ് ലഹരിയ്‌ക്കെതിരായ മാര്‍ച്ചിലൂടെ ബിജെപി നടത്തുന്നത്. ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണം. കേരളത്തിന്റെ ധാര്‍മ്മികവും മാനവികവുമായ മൂല്യങ്ങള്‍ തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയവരാണ് കമ്മ്യൂണിസ്റ്റുകള്‍. ചെഗുവേരയേയായിരുന്നു അവര്‍ യുവാക്കള്‍ക്ക് മാതൃകയായി ചൂണ്ടിക്കാട്ടിയത്. ഇതിലൂടെ സമൂഹത്തില്‍ അരാജക വാദികളെ സൃഷ്ടിക്കുകയായിരുന്നു.

പിണറായിക്ക് കേരളത്തിലെ ലഹരി മാഫിയയെ നിയന്ത്രിക്കാനാവില്ലെങ്കില്‍ സംഘപരിവാര്‍ സംഘടനകളെ അത് ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.  മാര്‍ച് കാല്‍ടെക്‌സില്‍ സമാപിച്ചു. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്‍, സി. രഘുനാഥ്, നേതാക്കളായ യു.ടി. ജയന്തന്‍, അജികുമാര്‍ കരിയില്‍, സി. നാരായണന്‍, അരുണ്‍ കൈതപ്രം,അരുണ്‍ തോമസ്, കെ. സജേഷ്, പി.കെ  ശ്രീകുമാര്‍, എം. അനീഷ്‌കുമാര്‍,  സി.കെ. രമേശന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി ടി.സി. മനോജ് സ്വാഗതം പറഞ്ഞു.