കനത്തമഴ; കന്നുകാലി ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്
കാലവർഷം ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ, ജില്ലയിലെ കന്നുകാലികളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പകർച്ചവ്യാധികൾ തടയാനും കർഷകർ ജാഗ്രത പുലർത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അഭ്യർത്ഥിച്ചു. ജില്ലയിൽ കന്നുകാലി കർഷകരുടെ ശ്രദ്ധയ്ക്കായി വിവിധ ആരോഗ്യപരിപാലന നിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. കന്നുകാലികളുടെ രോഗപ്രതിരോധവും പരിപാലനവും ലക്ഷ്യമിട്ടാണ് നിർദ്ദേശങ്ങൾ.
കണ്ണൂർ : കാലവർഷം ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ, ജില്ലയിലെ കന്നുകാലികളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പകർച്ചവ്യാധികൾ തടയാനും കർഷകർ ജാഗ്രത പുലർത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അഭ്യർത്ഥിച്ചു. ജില്ലയിൽ കന്നുകാലി കർഷകരുടെ ശ്രദ്ധയ്ക്കായി വിവിധ ആരോഗ്യപരിപാലന നിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. കന്നുകാലികളുടെ രോഗപ്രതിരോധവും പരിപാലനവും ലക്ഷ്യമിട്ടാണ് നിർദ്ദേശങ്ങൾ.
തൊഴുത്തിന്റെ ശുചിത്വം ഉറപ്പാക്കുക, മാലിന്യനിർമാർജനം ശരിയായി നടത്തുക, അണുനാശിനി ഉപയോഗിച്ച് ശുചീകരണം നടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കന്നുകാലികളിൽ കാണുന്ന അകിടുവീക്കം തടയാനും മുൻകരുതലുകൾ സ്വീകരിക്കണം. കുളമ്പ് രോഗ പ്രതിരോധത്തിനായി വാക്സിനേഷൻ ഉൾപ്പെടെ നടപടികൾ സ്വീകരിക്കണം. മുടന്തൻ പനി അകറ്റാൻ പശുക്കളുടെ ശരീരത്തിൽ കർപ്പൂരം ചേർത്ത വേപ്പെണ്ണയോ വെറും വേപ്പെണ്ണയോ പുരട്ടാം. പൂപ്പൽ ബാധിച്ച തീറ്റകൾ കാലികൾക്ക് നൽകരുത്.
കനത്ത മഴയും ഇടിമിന്നലുമുള്ളപ്പോൾ മൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളിലൊ മരച്ചുവടുകളിലോ കെട്ടരുത്. തൊഴുത്തിൽ റബ്ബർ മാറ്റും എർത്തിങ്ങും സ്ഥാപിക്കുന്നത് ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത കുറയ്ക്കും.
കർഷകരെ സഹായിക്കാനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ജില്ലാതല കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.9946576155, 9497293217 നമ്പറുകളിൽ ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ: 1962