സാമ്പത്തികക്രമക്കേടിന് തരംതാഴ്ത്തിയയാളെ പുതിയ ബ്രാഞ്ച് സെക്രട്ടറിയാക്കി; പയ്യന്നൂർ സി.പി.എം അണികളിൽ അമർഷം പുകയുന്നു
ധനാപഹരണത്തിന് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തുകയും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തയാളെ പുതിയ ബ്രാഞ്ച് സെക്രട്ടറിയാക്കിയത് പയ്യന്നൂരിലെ സി.പി.എമ്മിൽ വിവാദമാകുന്നു.
തെറ്റുതിരുത്താൻ തയ്യാറായതിനാലാണ് ആരോപണ വിധേയനെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്നാണ് സി.പി.എം ലോക്കൽ നേതൃത്വത്തിൻ്റെ വിശദികരണം
പയ്യന്നൂർ: ധനാപഹരണത്തിന് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തുകയും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തയാളെ പുതിയ ബ്രാഞ്ച് സെക്രട്ടറിയാക്കിയത് പയ്യന്നൂരിലെ സി.പി.എമ്മിൽ വിവാദമാകുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള പാല്‍ സൊസൈറ്റിയിലെ ജീവനക്കാരനായിരിക്കെയാണ് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടിന് ഇയാള്‍ക്കെതിരേ നടപടിയെടുത്തത്.
ഇതിനു പിന്നാലെ വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയിൽ നിന്ന് ഇയാളെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. എന്നാല്‍ രണ്ടുദിവസം മുൻപ് നടന്ന പങ്ങടം ബ്രാഞ്ച് സമ്മേളനത്തില്‍ ഇയാളെ സെക്രട്ടറിയാക്കുകയായിരുന്നു. ഇതിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുഭാവികളിലും അമര്‍ഷം പുകയുന്നുണ്ട്.
എന്നാൽ തെറ്റുതിരുത്താൻ തയ്യാറായതിനാലാണ് ആരോപണ വിധേയനെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്നാണ് സി.പി.എം ലോക്കൽ നേതൃത്വത്തിൻ്റെ വിശദികരണം. എന്നാൽ ഇതിൽ പാർട്ടി അംഗങ്ങളും അനുഭാവികളും തൃപ്തരല്ലാത്തതിനാൽ പാർട്ടിക്കുള്ളിലും പുറത്തും അമർഷം പുകയുകയാണ്.