സിപിഎം തളിപ്പറമ്പ നഗരസഭക്കെതിരെ നടത്തുന്ന ആരോപണങ്ങൾ എംഎൽഎ ഫണ്ട് അഴിമതി മറച്ചു വെക്കാൻ ; ആരോപണവുമായി നഗരസഭാ ചെയർപേഴ്സൺ

നഗരസഭയ്ക്ക് ഒരു രൂപയുടെ പോലും സാമ്പത്തികബാധ്യതയില്ലാതെ നടത്തുന്ന വിപുലമായ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സിപിഎം അഴിമതി ആരോപിക്കുന്നത് എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി

 

തളിപ്പറമ്പ : നഗരസഭയ്ക്ക് ഒരു രൂപയുടെ പോലും സാമ്പത്തികബാധ്യതയില്ലാതെ നടത്തുന്ന വിപുലമായ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സിപിഎം അഴിമതി ആരോപിക്കുന്നത് എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി നഗരത്തിൽ നടത്തുന്ന സൗന്ദര്യവൽക്കരണ പദ്ധതികളിലെ അഴിമതിയും ക്രമക്കേടും മൂടിവെക്കാൻ വേണ്ടിയാണെന്ന് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയും വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭനും ആരോപിച്ചു.

2017 മുതൽ നാഷണൽ ജംഗ്ഷൻ മുതൽ ചിറവക്ക് വരെ ഹൈവേ ഡിവൈഡറുകളിൽ ലൈറ്റുകൾ സ്ഥാപിച്ച് സ്ഥാപിക്കാൻ ആവശ്യമായ ഭീമമായ തുകയും കരാർക്കാലത്ത് വേണ്ടിവരുന്ന അതിന്റെ പരിപാലന ചിലവും ഇലക്ട്രിസിറ്റി ബില്ലും ഉൾപ്പടെ വഹിക്കണമെന്ന വ്യവസ്ഥകളോടെ മുൻ ഭരണസമിതിയോട് കരാറിൽ ഏർപ്പെട്ട ആഡ് സ്റ്റാർ എന്ന സ്ഥാപനത്തിന് സാധാരണ ചെയ്യുന്നതുപോലെ കരാർ പുതുക്കി കൊടുത്തതിന്റെ പിന്നിൽ അഴിമതി ആരോപിക്കുന്നത് പരിഹാസ്യമാണ്. 

അന്ന് തുടങ്ങിവച്ച നഗര സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് താലൂക്ക് ഓഫീസ് റോഡ് മുതൽ  കോർട്ട് റോഡിന്റെ അവസാന ഭാഗം വരെ ഹാൻഡ് റെയിലും സേഫ്റ്റി റെയിലും സ്ഥാപിച്ച്  ആധുനിക തെരുവിളക്കുകളും സൈൻ ബോർഡുകളും ഒരുക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്‌. ഹൈവേയിൽ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ തുടർച്ചയായതുകൊണ്ടാണ് അതിന്റെ പരിപാലന സ്ഥാപനമായ ആഡ് സ്റ്റാറിന്  തന്നെ ഈ കരാറും നൽകിയത്. ലക്ഷങ്ങൾ ചെലവഴിച്ച് മേൽപ്പറഞ്ഞ എല്ലാ സജ്ജീകരണങ്ങളും ഒരുക്കേണ്ടതും ഭാവിയിൽ വരുന്ന മുഴുവൻ മെയിന്റനൻസ് ഇലക്ട്രിസിറ്റി ചെലവുകൾ വഹിക്കേണ്ടതും ഈ സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്.

നഗരസഭക്ക്‌ ഒരു രൂപയുടെ പോലും സാമ്പത്തിക ബാധ്യതയില്ലാത്ത പദ്ധതിയിൽ അഴിമതി ആരോപിക്കുന്ന സിപിഎം കോടിക്കണക്കിനു രൂപയുടെ എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി തളിപ്പറമ്പ് ഹൈവേയിൽ നടപ്പാക്കുന്ന എംഎൽഎ പദ്ധതി നടത്തിപ്പിലെ അഴിമതിയും ക്രമക്കേടും വിളിച്ചു പറയാൻ ആർജ്ജവം കാണിക്കണം. ഇതുപോലെ പരസ്യ സൗകര്യം ഏർപ്പാടാക്കി കൊടുത്താൽ സൗജന്യമായി നിർമ്മിക്കാവുന്ന ബസ് സ്റ്റാൻഡ് മുന്നിലെ ബസ്റ്റോപ്പിന് എംഎൽഎ ചെലവഴിക്കുന്നത് 25 ലക്ഷം രൂപയാണ്. 

ടെൻഡർ നടപടിപോലുമില്ലാതെ  ഊരാളുങ്കൽ സൊസൈറ്റിക്ക്‌  ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ നിർമ്മാണ ചുമതല നൽകിയത് എന്തിനാണെന്ന് സിപിഎമ്മും എംഎൽഎയും വ്യക്തമാക്കണം. ഇത് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ഏറ്റവും വലിയ അഴിമതിയാണ്.
നാഷണൽ ജംഗ്ഷൻ മുതൽ ചിറവക്ക്‌ വരെ മൂന്ന് കോടി രൂപയാണ് സൗന്ദര്യവൽക്കരണത്തിന് വേണ്ടി എംഎൽഎ ചെലവഴിക്കുന്നത്. ഇതിൽ നിന്ന് ഒരു രൂപ പോലും വരുമാനം ലഭിക്കുന്നില്ല എന്ന് മാത്രമല്ല അലങ്കാര ലൈറ്റുകളുടെ മെയിന്റനൻസ്,ഇലക്ട്രിസിറ്റി വാടക ഉൾപ്പെടെ ഭാരിച്ച ചിലവാണ് നഗരസഭക്ക് വരാൻ പോകുന്നത്. 

തളിപ്പറമ്പ് ഹൈവേയിൽ എംഎൽഎ നടത്താൻ ഉദ്ദേശിക്കുന്ന സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ മുഴുവൻ നഗരസഭ ചെയ്യുന്നതുപോലെ സ്പോൺസർഷിപ്പിൽ ചെയ്യാെമെന്നിരിക്കെ അത് ചെയ്യാതെ ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നതിന്റെ പിന്നിലുള്ള ദുഷ്ടലാക്ക് ജനം തിരിച്ചറിയുമെന്നും ചൂണ്ടികാണിച്ചു.

കഴിഞ്ഞ 8 വർഷമായി  നിർമ്മൽ ഭാരത്  ട്രസ്റ്റുമായി ചേർന്ന് ഹരിത കർമ്മ സേനയെ ഉപയോഗിച്ച് തളിപ്പറമ്പ് നഗരസഭ നടത്തുന്ന മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ കേരളം മാതൃകയാക്കണമെന്ന്  പറഞ്ഞത് പിണറായി സർക്കാറാണ് . എട്ടുവർഷം  ഇതിനെതിരെ ഒന്നും മിണ്ടാത്ത സിപിഎം ഇപ്പോൾ ക്രമക്കേട് ആരോപിക്കുന്നത് ആസന്നമായ നഗരസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടാണ്.  ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന്  ഒരു രൂപ പോലും ചെലവില്ലാതെയാണ് തളിപ്പറമ്പ് നഗരസഭ മാലിന്യ ശേഖരണവും നീക്കവും നടക്കുത്തുന്നത്. എന്നാൽ തൊട്ടടുത്ത ആന്തൂരിൽ യൂസർ ഫീക്ക് പുറമേ ഒരോ വർഷവും ലക്ഷങ്ങളാണ് മാലിന്യം നീക്കം ചെയ്യാൻ ആന്തൂർ നഗരസഭ ചലവിടുന്നത്. 

നഗരസഭയുടെ അഭിമാന പദ്ധതിയായ ബഡ്സ് സ്കൂളിനെതിരെയുള്ള ആരോപണവും വസ്തുതകൾക്ക് നിരക്കാത്തതാണ്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് വായിൽ തോന്നിയത് പറഞ്ഞു ജനങ്ങൾക്കിടയിൽ പുക മറ സൃഷ്ടിക്കുന്നതിന് പകരം ആർജ്ജവം ഉണ്ടെങ്കിൽ തെളിവുകൾ ഹാജരാക്കുവാൻ സിപിഎം തയ്യാറാകണം .കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അനുവദിച്ച കോടിക്കണക്കിന് രൂപയുടെ ഫണ്ട്‌ നഗരസഭയ്ക്ക് നൽകാതിരുന്നിട്ടും വികസന പ്രവർത്തനങ്ങളിൽ മികച്ച മുന്നേറ്റം നടത്താൻ സാധിച്ചതാണ് തളിപ്പറമ്പ് നഗരസഭ ഭരണസമിതിയുടെ പ്രവർത്തനമികവ്. ഇതിന് ജനങ്ങൾ നൽകിയ എല്ലാ സഹകരണങ്ങൾക്കും നന്ദി പറയുന്നതിനോടൊപ്പം ആസന്നമായ നഗരസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആസൂത്രിതമായി പ്രചരിപ്പിക്കുന്ന ഇത്തരം കുപ്രചരണങ്ങൾ തള്ളിക്കളയണമെന്നും നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയും വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭനും വ്യക്തമാക്കി.