സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂരില്‍ ഫണ്ട് തിരിമറി ആരോപണം; ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്ന് സിപിഎം നേതാവ്

  ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തിയത്.

 

പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന് എതിരെയാണ് വെളിപ്പെടുത്തല്‍

കൊച്ചി:  ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തിയത്. പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന് എതിരെയാണ് വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിക്കുന്ന ആക്ഷേപം.

ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം. ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചില്ല. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ച  ഈ സമയം ലഭിച്ചത് വിചിത്രമായ കണക്കായിരുന്നു. ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ടി ഐ മധുസൂദനന്‍ പണം തട്ടിയെടുത്തു എന്നാണ് വി കുഞ്ഞികൃഷ്ണന്‍ തുറന്നടിച്ചത്.  വിഷയത്തില്‍ പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഓഫീസ് നിര്‍മാണ ഫണ്ടിലും 70 ലക്ഷം രൂപയുടെ തിരിമറി ഉണ്ടായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിലും  ഒരു കോടിയിലേറെ രൂപയുടെ തിരിമറി നടന്നതായും അദ്ദേഹം വ്യക്തമാക്കി. ഇപി ജയരാജന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ തട്ടിപ്പിനെ കുറിച്ച് പുസ്തകം എഴുതും. പാര്‍ട്ടിയ്ക്കുള്ളില്‍ ഉന്നയിച്ച വിഷയങ്ങളില്‍ നീതി ലഭിച്ചില്ല. അതിനാലാണ് തുറന്ന് പറയുന്നത്. പാര്‍ട്ടിയെ അണികള്‍ തിരുത്തട്ടെ എന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.