എ.ഡി.എമ്മിനെതിരെ നടന്ന ഗൂഡാലോചനയിൽ അന്വേഷണം വേണം; അഡ്വ.മാർട്ടിൻ ജോർജ്

എഡിഎം നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിൽ ഒരുപാട് ദുരൂഹതകളും സംശയങ്ങളുമുള്ളതിനാല്‍ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

 

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിൽ ഒരുപാട് ദുരൂഹതകളും സംശയങ്ങളുമുള്ളതിനാല്‍ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. എഡിഎമ്മിനു കൈക്കൂലി നല്‍കിയതായി പരാതി നല്‍കിയിട്ടുള്ള ടി.വി പ്രശാന്തനെതിരെയും  അന്വേഷണം വേണം. സര്‍ക്കാര്‍ ജീവനക്കാരന്‍ ഇത്തരത്തില്‍ വ്യാപാര സ്ഥാപനം തുടങ്ങുന്നത് ചട്ടലംഘനമാണ്. കൈക്കൂലി നല്‍കിയിട്ടുണ്ടെങ്കില്‍ അതും കുറ്റകരമാണ്. എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പറയുന്നതല്ലാതെ അതിന്റെ തെളിവുകള്‍ പുറത്തു വിടാത്തതിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ ഗൂഢാലോചന എഡിഎം നവീന്‍ബാബുവിനെതിരേ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തില്‍ പങ്കെടുത്ത് അധിക്ഷേപ പ്രസംഗം നടത്തി അത് കൃത്യമായി വീഡിയോയില്‍ പകര്‍ത്തി സംപ്രേഷണം ചെയ്തത്. പി.പി.ദിവ്യയുടേയും പരാതിക്കാരനായ പ്രശാന്തന്റേയും ഫോണ്‍കോളുകള്‍ പരിശോധിക്കണം.

പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന പ്രശാന്തന്‍ പെട്രോള്‍ പമ്പ് അനുമതിക്ക് അപേക്ഷ നല്‍കിയത് സര്‍വീസ് ചട്ട ലംഘനമാണ്. കൈക്കൂലി വാങ്ങുന്നതു മാത്രമല്ല കൈക്കൂലി നല്‍കുന്നതും കുറ്റകരമാണെന്നിരിക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ പ്രശാന്തനെതിരേയും കേസെടുത്തു അന്വേഷണം നടത്തണം. എഡിഎമ്മിന്റെ ആത്മഹത്യയില്‍ ഒരു പാടു സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആത്മഹത്യാ കുറിപ്പുള്‍പ്പെടെ തെളിവുകള്‍ നശിപ്പിച്ചതായും സംശയിക്കുന്നുണ്ടെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ദിവ്യ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ രാപ്പകല്‍ സത്യാഗ്രഹ സമരം ബുധനാഴ്ച്ച വൈകുന്നേരം സമാപിച്ചു.

സത്യാഗ്രഹ സമാപനം കെ പിസി സി ജനറൽ സെക്രട്ടറി അഡ്വ.പി എം നിയാസ് ഉദ്ഘാടനം ചെയ്തു .നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ,സജീവ് മാറോളി , അഡ്വ . ടി ഒ മോഹനൻ ,അബ്ദുൽ  കരീം ചേലേരി , സി എ അജീർ ,കെ ടി  സഹദുള്ള ,സുനിൽ കുമാർ ,കെ സി മുഹമ്മദ് ഫൈസൽ  ,മുഹമ്മദ് ബ്ലാത്തൂർ ,ലിസി ജോസഫ് , റിജിൽ മാകുറ്റി ,അമൃത രാമകൃഷ്ണൻ ,കെ സി ഗണേഷൻ ,ശുദ്ധീപ് ജെയിംസ് ,എം പി ഉണ്ണികൃഷ്ണൻ ,വിജിൽ മോഹനൻ ,അതുൽ എം സി ,ശ്രീജ മഠത്തിൽ ,രജിത്ത് നാറാത്ത് ,കെ പി സാജു ,റഷീദ് കവ്വായി ,രാഹുൽ കായക്കൽ തുടങ്ങിയവർ പങ്കെടുത്തു