റേഷന്‍ അരി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാന്‍ സത്വര ഇടപെടല്‍ വേണം; അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം തീര്‍ത്തും ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ആഴ്ചകളായി തുടരുന്ന റേഷന്‍ വിതരണ കരാറുകാരുടെ പണിമുടക്ക് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം.

 

കണ്ണൂര്‍: റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം തീര്‍ത്തും ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ആഴ്ചകളായി തുടരുന്ന റേഷന്‍ വിതരണ കരാറുകാരുടെ പണിമുടക്ക് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. റേഷന്‍ കടകളിലെ അരി വിതരണം നിലവില്‍ നിലച്ച മട്ടാണ്. റേഷന്‍ കടകള്‍ അടച്ചിടേണ്ട അവസ്ഥയിലെത്തുമെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. 

എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോയുടെ എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും അരി എത്തിക്കുന്ന വിതരണ കരാറുകാരുടെ പണിമുടക്കാണ് മൂന്നാഴ്ചയിലധികമായി തുടരുന്നത്. ഇവര്‍ക്കു നല്‍കാനുള്ള ഭീമമായ കുടിശ്ശിക തീര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ജനുവരി ഒന്ന് മുതല്‍ കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്. മുന്‍ഗണന വിഭാഗത്തിനുള്ള അരിവിതരണം പോലും മുടങ്ങുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

ഈ മാസം 27 മുതല്‍ റേഷന്‍ വ്യാപാരികള്‍ കൂടി അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വേതന പരിഷ്‌കരണം അടക്കം ആവശ്യപ്പെട്ടാണ് റേഷന്‍ വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചത്. ഇതും റേഷന്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിസന്ധിയാകും. റേഷന്‍ വിഹിതം മാത്രം ആശ്രയിച്ച് കഴിയുന്ന പാവപ്പെട്ട കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന അവസ്ഥ ഉത്തരവാദപ്പെട്ടവര്‍ ലാഘവത്തോടെ കാണുകയാണ്. റേഷന്‍ വിതരണം കൂടുതലായി നടക്കാറുള്ള, മാസത്തിന്റെ അവസാന ആഴ്ചയിലാണ് സമരവും പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇ പോസ് സംവിധാനത്തിലെ തകരാര്‍ കാരണം റേഷന്‍ വിതരണം പതിവായി മുടങ്ങുന്ന സ്ഥിതിയും പലയിടങ്ങളിലുമുണ്ട്. ഇ പോസ് സംവിധാനം തകരാറിലായി റേഷന്‍ വിതരണം തുടര്‍ച്ചയായി തടസ്സപ്പെടുന്നതിനു കാരണം സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തതാണെന്നു വ്യക്തമായിട്ടും അതു ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. 

സേവന ഫീസിനത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശിക നല്‍കാനും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാനും സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ ജനുവരി 31നു സേവനത്തില്‍നിന്നു പിന്മാറുമെന്നാണ് ഇ പോസ് സംവിധാനം നിയന്ത്രിക്കുന്ന കമ്പനി അറിയിച്ചിട്ടുള്ളത്. ഇതും റേഷന്‍ വിതരണത്തെ ബാധിക്കും.
പൊതുവിപണിയില്‍ അരി വില കുതിച്ചുയര്‍ന്ന സാഹചര്യമാണുള്ളത്. 

മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും പൊതുവിപണിയിലേതിനും കുറഞ്ഞ നിരക്കില്‍ നല്‍കുന്ന അരിയെത്തിയിട്ട് മാസങ്ങളായി. റേഷന്‍ കടകളിലെ അരി വിതരണം കൂടി നിലക്കുന്നത് സാധാരണക്കാരെ പട്ടിണിയിലാക്കും. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ലെങ്കില്‍ ഈ വിഷയത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് വ്യക്തമാക്കി.