സിപിഎമ്മിൻ്റെയും ഡിവൈഎഫ്ഐയുടെയും അക്രമ രാഷ്ട്രീയത്തിന് ജനങ്ങൾ മറുപടി നൽകും : അഡ്വ. മാർട്ടിൻ ജോർജ്

ജനാധിപത്യ രാഷ്ട്രീയത്തെ അക്രമം കൊണ്ട് നേരിടാമെന്ന സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ധാർഷ്ട്യത്തിന് ജനങ്ങൾ മറുപടി നൽകുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്

 

കണ്ണൂർ: ജനാധിപത്യ രാഷ്ട്രീയത്തെ അക്രമം കൊണ്ട് നേരിടാമെന്ന സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ധാർഷ്ട്യത്തിന് ജനങ്ങൾ മറുപടി നൽകുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണവും കൂത്തുപറമ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാഭവന് നേരെയുണ്ടായ അക്രമവും തിരിച്ചടികളിൽ നിന്ന് സി പി എം പാഠം പഠിക്കാത്തതിൻ്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്.

ജനപ്രതിനിധിയുടെ വാഹനത്തിന് നേരെ  ആക്രമണം നടത്തുന്നത് പ്രതിഷേധമല്ല, രാഷ്ട്രീയ ഗുണ്ടായിസമാണ്. മന്ത്രിയെ ലക്ഷ്യമിട്ട് വാഹനത്തിന് കേടുപാടുകൾ വരുത്തുന്ന തരത്തിൽ ആക്രമണം നടത്താൻ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എന്ത് ധൈര്യമാണ് ലഭിച്ചതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. അക്രമികളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്തവും അവർ ഏറ്റെടുക്കണം.

യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം തെരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്രസർക്കാരിനുമെതിരെയാണ്. അതിൽ സിപിഎമ്മും ഡിവൈഎഫ്ഐയും എസ് എഫ് ഐയും വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. പിണറായി വിജയന് കേന്ദ്ര ഏജൻസികളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുന്നതിനാണോ സിപിഎം യുവജന, വിദ്യാർഥി സംഘടനകൾ സംഘപരിവാറിൻ്റെ കൂലിപ്പട്ടാളമാകുന്നതെന്ന് ചോദിക്കേണ്ടി വരും - മാർട്ടിൻ ജോർജ് പറഞ്ഞു. കൂത്തുപറമ്പിലെ ഇന്ദിരാഭവന് നേരെയുണ്ടായ ആക്രമണം കോൺഗ്രസ്  പ്രവർത്തകരെ ഭീഷണിപ്പെടുത്തി രാഷ്ട്രീയമായി നിശബ്ദരാക്കാനുള്ള സിപിഎമ്മിന്റെ പഴയ ശൈലി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ്. കോൺഗ്രസ് ഓഫീസുകൾ തകർത്തും പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും കണ്ണൂരിൽ കോൺഗ്രസിന്റെ രാഷ്ട്രീയ വളർച്ച തടയാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്.

 അക്രമിസംഘങ്ങളെ അഴിച്ചുവിട്ട് കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട. കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ അക്രമത്തിന് മുന്നിൽ മുട്ടുമടക്കിയ ചരിത്രമില്ല. അക്രമത്തെ അക്രമംകൊണ്ട് നേരിടുന്ന രാഷ്ട്രീയമല്ല കോൺഗ്രസിന്റേത്. എന്നാൽ പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ജനാധിപത്യപരവും നിയമപരവുമായ ശക്തമായ പോരാട്ടം കോൺഗ്രസ് തുടരും. ആക്രമണങ്ങൾക്ക് പിന്നിലുള്ള മുഴുവൻ ആളുകളെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പോലീസിൻ്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികളുണ്ടാകണം.

അക്രമവും ഭീഷണിയും കൊണ്ട് കോൺഗ്രസിനെ തകർക്കാമെന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ല. കോൺഗ്രസ് പ്രവർത്തകർ ജനങ്ങൾക്കിടയിൽ കൂടുതൽ ശക്തമായി പ്രവർത്തിച്ച് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ജനാധിപത്യ രീതിയിൽ മറുപടി നൽകുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.