പി പി ദിവ്യക്കെതിരായ കേസ് അട്ടിമറിക്കാന്‍ ഭരണതലത്തില്‍ നീക്കം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി പി ദിവ്യ പ്രതിയായ കേസ് അട്ടിമറിക്കാന്‍ ഭരണ തലത്തില്‍ നീക്കം നടക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

 

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി പി ദിവ്യ പ്രതിയായ കേസ് അട്ടിമറിക്കാന്‍ ഭരണ തലത്തില്‍ നീക്കം നടക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. നവീന്‍ബാബുവിനുള്ള യാത്രയയപ്പ്  യോഗത്തില്‍ ദിവ്യയ്ക്ക് അധിക്ഷേപ പ്രസംഗം നടത്താന്‍ എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനു പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയ്ക്കു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്നും അദ്ദേഹം ആരോപിച്ചു. 

നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള കൃത്യമായ നീക്കങ്ങളാണ് ഭരണ സംവിധാനങ്ങളെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൃത്രിമ തെളിവുകളുണ്ടാക്കാന്‍ ഒരു പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്. നവീന്‍ ബാബു മരണപ്പെട്ടപ്പോള്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പലരും അവരുടെ വേദന പങ്കുവയ്ക്കുകയും നവീന്‍ ബാബു സംശുദ്ധമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പ്രചരിപ്പിക്കുകയും ചെയ്തതാണ്. 

അത്തരമൊരു ഉദ്യോഗസ്ഥനെ അഴിമതിക്കാരനാക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്നതാണ് ജില്ലാ കലക്ടര്‍ അരുണ്‍ വിജയനെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം.  സംഭവത്തിന്റെ തുടക്കം തൊട്ട് പി പി ദിവ്യയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും നവീന്‍ ബാബുവിന്റെ മരണശേഷം അദ്ദേഹത്തെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന തരത്തില്‍ പ്രതികരണങ്ങള്‍ നടത്തുകയും ചെയ്ത ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. 

അരുണ്‍ കെ വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് പറയുന്ന ഐഎഎസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഈ വിഷയത്തില്‍ അരുണ്‍ കെ വിജയന്‍ തുടക്കം തൊട്ട് കൈകൊണ്ട നിലപാടുകളോട് ഏത് രീതിയിലാണ് പ്രതികരിക്കുന്നത് എന്ന് അറിയാന്‍ താല്പര്യമുണ്ട് . എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കാതെ എത്തി അധിക്ഷേപ വാക്കുകള്‍ പറയുമ്പോള്‍ അത് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം ജില്ലാ കളക്ടര്‍ക്ക് ഉണ്ടായിരുന്നില്ലേ..? 

യാത്രയയപ്പ് യോഗത്തിന് താന്‍ എത്തുമെന്ന് ജില്ലാ കലക്ടര്‍ക്ക് പി പി ദിവ്യ മുന്‍കൂട്ടി വിവരം നല്‍കിയിരുന്നു. ഇക്കാര്യം നേരത്തേ അറിയാമായിരുന്നിട്ടും അത് മറച്ചു വെച്ച് സഹപ്രവര്‍ത്തകനെതിരായ അധിക്ഷേപം ആസ്വദിക്കുകയായിരുന്നില്ലേ ജില്ലാ കളക്ടര്‍ ചെയ്തതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരാഞ്ഞു. എകെജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമായി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. 

പല തെളിവുകളും കൃത്രിമമായി സൃഷ്ടിക്കുന്നുണ്ട്. നിലവിലെ അന്വേഷണം ഒട്ടും തൃപ്തികരമല്ല. ഇക്കാര്യത്തില്‍ മറ്റേതെങ്കിലും ഏജന്‍സികളുടെ നിഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബം നിയമ നടപടികളുമായി മുന്നോട്ടു പോയാല്‍ പിന്തുണയ്ക്കുമെന്നും ഡിസിസി പ്രസിഡണ്ട് വ്യക്തമാക്കി.