പയ്യന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചത് വൃത്തിഹീനമായ സാഹചര്യത്തിൽ ; കരാറുകാരന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
പയ്യന്നൂർ : കണ്ണൂർ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ മാവിച്ചേരി റോഡിൽ പുതിയ ബസ്റ്റാൻഡിനു സമീപത്തുള്ള നഗരസഭയുടെ പാർക്കിംഗ് ഏരിയയിൽ താൽകാലിക ഷെഡ് നിർമ്മിച്ചു തൊഴിലാളികളെ താമസിപ്പിച്ചു വരുന്ന വാട്ടർ അതോറിറ്റി കോൺട്രാക്ടർക്ക് 25000 രൂപ പിഴ ചുമത്തി.
തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് പുറക് വശത്ത് കുളിക്കുന്നതിനും അലക്കുന്നതിന്നും പാത്രം കഴുകുന്നതിനുമായി പൈപ്പുകളും ടാങ്കും പൊതു സ്ഥലത്ത് സ്ഥാപിച്ചു മലിന ജലം പ്രസ്തുത ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി. ഭക്ഷണാവശിഷ്ടങ്ങളും ഡ്രൈനേജിൽ തള്ളി വരുന്നതായി കണ്ടെത്തി.കറുത്ത നിറത്തിലുള്ള മലിന ജലമാണ് ഡ്രൈനേജിൽ കെട്ടി കിടക്കുന്നത്. കൊതുകും കൂതാടിയും പെറ്റു പെരുകിയ നിലയിലാണ് കാണപ്പെട്ടത്. മേൽകൂര പോലും ഇല്ലാത്ത ശുചിമുറി സൗകര്യമാണ് നിലവിലുള്ളത്.
കോൺട്രാക്ടറെ സംഭവ സ്ഥലത്ത് വിളിച്ചു വരുത്തുകയും അനധികൃതമായി സ്ഥാപിച്ച പൈപ്പുകളും ടാങ്കും ഷീറ്റുകളും മറ്റും നീക്കം ചെയ്തു മാലിന്യ പ്രശ്നം ഉടൻ തന്നെ പരിഹരിക്കാൻ നിർദേശം നൽകുകയും ചെയ്തു. മലിന ജലം ഒഴുക്കി വിട്ടതിനും പരിസര മലിനീകരണം നടത്തിയതിനും 25000 രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, പയ്യന്നൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ പി പി കൃഷ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജിത കെ വി, വിധു ടി. വി തുടങ്ങിയവർ പങ്കെടുത്തു