തലശ്ശേരി - മാഹി ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
തലശ്ശേരി: തലശ്ശേരി - മാഹി ബൈപ്പാസില്‍ വീണ്ടും വാഹനാപകടം. അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു. ഡ്രൈവറായ ചൊക്ലി സ്വദേശിക്ക് പരിക്കേറ്റു. തലശ്ശേരി - മാഹി ബൈപാസില്‍ കോടിയേരി പപ്പന്‍പീടിക ഭാഗത്താണ് വെള്ളിയാഴ്ച്ച രാവിലെ അപകടം നടന്നത്.
കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വോക്‌സ് വാഗന്‍ പോളോ KL 67 2644 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയില്‍ എത്തിയ പോളോ കാര്‍ ഒരേദിശയില്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിലിടിച്ച് നിയന്ത്രണം വിട്ടു തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് തവണ തലകീഴായി മറിഞ്ഞ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് നിന്നത്.
ഇടിയുടെ ആഘാതത്തിൽ ഷോറൂമില്‍ നിന്നും ഡെലിവറിക്കായി കൊണ്ടു പോവുകയായിരുന്ന കെ എല്‍ 13 എവൈ 6038 നമ്പര്‍ വാഗണര്‍ കാറിന്റെ പിറകുവശത്തെ ടയറിന്റെ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടു വാഹനങ്ങളും ന്യൂമാഹി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ബൈപാസില്‍ ക്യാമറ സ്ഥാപിക്കാത്തതിനെതിരെ വന്‍ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.