ഉറക്കത്തിനിടയിൽ തീഗോളമായ എ.സി കോച്ച് : രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ , നടുക്കുന്ന ഓർമയിൽ തളിപ്പറമ്പിലെ  ഗണേശനും പ്രകാശനും

ജാർഖണ്ഡിലെ ടാറ്റ നഗറിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര ജീവിതത്തിലെ ഏറ്റവും ഭീകരാനുഭവമായി മാറുകയായിരുന്നു കെ. ഗണേശനും ടി. പ്രകാശനും. എ.സി കോച്ചിൽ ഉറങ്ങിക്കിടന്ന ഇരുവരും, തങ്ങൾ യാത്ര ചെയ്ത ബോഗി തീഗോളമായ കാഴ്ച കണ്ടാണ് ഉണർന്നത്. നിമിഷങ്ങൾക്കുള്ളിൽ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഇരുവരുമിപ്പോൾ.

 

തളിപ്പറമ്പ : ജാർഖണ്ഡിലെ ടാറ്റ നഗറിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര ജീവിതത്തിലെ ഏറ്റവും ഭീകരാനുഭവമായി മാറുകയായിരുന്നു കെ. ഗണേശനും ടി. പ്രകാശനും. എ.സി കോച്ചിൽ ഉറങ്ങിക്കിടന്ന ഇരുവരും, തങ്ങൾ യാത്ര ചെയ്ത ബോഗി തീഗോളമായ കാഴ്ച കണ്ടാണ് ഉണർന്നത്. നിമിഷങ്ങൾക്കുള്ളിൽ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഇരുവരുമിപ്പോൾ.

ടാറ്റ നഗർ–എറണാകുളം എക്സ്പ്രസിലെ ബി വൺ എ.സി കോച്ചിൽ യാത്ര ചെയ്തവരാണ് സി.പി.എം തളിപ്പറമ്പ ഏരിയാ കമ്മിറ്റി അംഗം കെ. ഗണേശനും, മുൻ നഗരസഭാ കൗൺസിലറും സി.പി.എം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ ടി. പ്രകാശനും. ഇവരുടെ തൊട്ടടുത്ത ബർത്തിൽ കിടന്നുറങ്ങിയിരുന്ന വിജയവാഡ സ്വദേശി ചന്ദ്രശേഖർ സുന്ദരം തീപിടിത്തത്തിൽ മരിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം വിനോദയാത്രയ്ക്കായി നേപ്പാൾ, ഡാർജിലിംഗ്, സിക്കിം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ഇരുവരും പിന്നീട് കൊൽക്കത്തയിലെ ഹൗറയിലെത്തി. കേരളത്തിലേക്ക് നേരിട്ട് ടിക്കറ്റ് ലഭിക്കാതിരുന്നതോടെ ജാർഖണ്ഡിലെ ടാറ്റ നഗറിലെത്തി അവിടെ നിന്നാണ് എറണാകുളം എക്സ്പ്രസിൽ കയറിയത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ ട്രെയിൻ ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിലെ യലമഞ്ചിലിക്ക് സമീപത്തെത്തിയപ്പോഴാണ് അപകടം. ബി വൺ കോച്ചിലുണ്ടായിരുന്ന 72 ഓളം യാത്രക്കാരും ഗാഢനിദ്രയിലായിരുന്നു. ഇതിനിടെ കത്തുന്ന ഗന്ധം അനുഭവപ്പെട്ടതോടെ പ്രകാശൻ ഞെട്ടി ഉണർന്നു. ഉടൻ തന്നെ ഗണേശനെയും വിളിച്ചുണർത്തി. ഒറ്റപ്പെട്ട പ്രദേശത്ത് ട്രെയിൻ നിർത്തിയതോടെ കൈയിൽ കിട്ടിയ സാധനങ്ങളുമായി ഇരുവരും കോച്ചിൽ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു.

അപ്പോഴേക്കും എ.സി കോച്ച് പൂർണമായും തീപിടിച്ചിരുന്നു. കർട്ടനുകളും മറ്റ് വസ്തുക്കളും കത്തിയതോടെ തീ അതിവേഗം പടർന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് ബാഗുകളിൽ ഒന്ന് എടുക്കാനായില്ല. ഗണേശന്റെ മൊബൈൽ ഫോൺ, പ്രകാശന്റെ ഫോൺ ചാർജർ, വസ്ത്രങ്ങൾ, പഴങ്ങൾ എന്നിവ അടങ്ങിയ ബാഗ് കത്തിനശിച്ചു.

അടുത്തുള്ള ബി-2 കോച്ചിന് ഭാഗികമായി തീപിടിച്ചെങ്കിലും ആളപായമുണ്ടായില്ല. പിന്നീട് ബിവൺ, ബി ടു കോച്ചുകൾ ട്രെയിനിൽ നിന്ന് വേർപെടുത്തി. പിന്നീട് യലമഞ്ചിലി സ്റ്റേഷനിൽ പുതിയ കോച്ചുകൾ കൂട്ടിച്ചേർത്ത് യാത്ര തുടരുകയായിരുന്നു.ഇന്ന് രാവിലെ എറണാകുളത്തെത്തിയ ഗണേശനും പ്രകാശനും പിന്നീട് കോയമ്പത്തൂർ–മംഗലാപുരം എക്സ്പ്രസിൽ കണ്ണൂരിലേക്ക് പുറപ്പെട്ടു. ഇരുവരും വൈകുന്നേരത്തോടെ കണ്ണൂരിലെത്തും.