കണ്ണൂർ തളിപ്പറമ്പ് ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 70 ഓളം പേർക്ക് പരിക്ക്

തളിപ്പറമ്പ് ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 70 ഓളം പേർക്ക് പരിക്ക്. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റെയിൻഡ്രോപ്പ്‌സ് ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മൂകാംബിക ബസുമാണ് ഏഴാംമൈലിൽ വച്ച് കൂട്ടിയിടിച്ചത്.
 

കണ്ണൂർ: തളിപ്പറമ്പ് ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 70 ഓളം പേർക്ക് പരിക്ക്. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റെയിൻഡ്രോപ്പ്‌സ് ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മൂകാംബിക ബസുമാണ് ഏഴാംമൈലിൽ വച്ച് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് തളിപ്പറമ്പ് ദേശീയ പാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചത്.

അപകടത്തിൽ രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് പരുക്കേറ്റു. പരുക്കേറ്റ യാത്രക്കാരെ ആംബുലൻസുകളിലും ഓട്ടോറിക്ഷ, കാർ എന്നിവയിലുമായി തളിപ്പറമ്പിലെ ലൂർദ്,  തളിപ്പറമ്പ് സഹകരണ ആശുപത്രികളിലേക്ക് മാറ്റി. യാത്രക്കാരിൽ ഭൂരിഭാഗം ആളുകൾക്കും തലയിലും മറ്റു ഭാഗങ്ങളിലുമായാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ റെയിൻഡ്രോപ്സ് ബസ് ഡ്രൈവർ രാകേഷിനെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതേ ബസിലെ കണ്ടക്ടർ സന്തോഷ്, അശ്വിൻ ബസ് ഡ്രൈവർ ഗഫൂർ, കണ്ടക്ടർ രതീഷ് എന്നിവർക്കും പരുക്കേറ്റു.   

ഏഴാംമൈൽ എം.ആർ.എ റസ്റ്റോറൻ്റിന് സമീപത്ത് വച്ച് ഒരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തിൻ്റെ ആഘാതത്തിൽ യാത്രക്കാരായ രണ്ട് സ്ത്രീകൾ റോഡിലേക്ക് തെറിച്ചു വീണിരുന്നു. ബസുകൾ റോഡിൻ്റെ ഇരുവശങ്ങളിലേക്ക് തെന്നി ദേശീയപാതയ്ക്ക് കുറുകെ കിടന്ന് ഗതാഗതം പൂർണമായി തടസപ്പെട്ടു. 

അഗ്നിശമന സേനയും പൊലിസും സ്ഥലത്തെത്തി. ബസുകളിൽ നിന്ന് തകർന്നു വീണ ചില്ലുകൾ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് നീക്കി. ക്രെയിൻ ഉപയോഗിച്ച് ബസുകൾ നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് പൊലിസ് ഇടപെട്ട് വാഹനങ്ങൾ വഴി തിരിച്ച് വിട്ടിരുന്നു.