എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂർ കലക്ടറെ സ്ഥാനത്തുനിന്ന് മാറ്റി അന്വേഷണം കാര്യക്ഷമമാക്കണം; അബ്ദുറഹിമാൻ കല്ലായി

ജില്ലയിൽ വാളുകൾ കൊണ്ടും ബോംബുകൾ കൊണ്ടും ഒരുപാടുപേർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, ഒരു രാഷ്ട്രീയ പ്രവർത്തകയുടെ നാവ്കൊണ്ട് മരണപ്പെട്ട ഒരു വ്യക്തിയാണ് എ.ഡി.എം നവീൻ ബാബുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി.

 

കണ്ണൂർ: ജില്ലയിൽ വാളുകൾ കൊണ്ടും ബോംബുകൾ കൊണ്ടും ഒരുപാടുപേർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, ഒരു രാഷ്ട്രീയ പ്രവർത്തകയുടെ നാവ്കൊണ്ട് മരണപ്പെട്ട ഒരു വ്യക്തിയാണ് എ.ഡി.എം നവീൻ ബാബുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണമായത് അദ്ദേഹത്തിന് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ഒരു ജനപ്രതിനിധി തനിക്ക് ക്ഷണമില്ലാഞ്ഞിട്ട് കൂടി പങ്കെടുത്ത് ഇല്ലാ കഥകൾ പറഞ്ഞുണ്ടാക്കിയതുകൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

അത് തടയാൻ ജില്ലയിലെ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാർക്ക്   സംരക്ഷണം നൽകേണ്ട ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ തയ്യാറാവാതിരുന്നത് ഏറ്റവും വലിയ ഹീനപ്രവർത്തിയാണ്. നവീൻ ബാബു മരണപ്പെട്ടതിനുശേഷം അദ്ദേഹം യാത്രയയപ്പ് ചടങ്ങിനുശേഷം തന്നെ വന്നു കണ്ട് തന്നോട് കുറ്റസമ്മതം നടത്തി എന്നു പറഞ്ഞ ജില്ലാ കലക്ടർ അരുൺ കെ വിജയൻ കലക്ടർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല . എത്രയും പെട്ടെന്ന് സർക്കാർ ഇടപെട്ട് അദ്ദേഹത്തെ മാറ്റുകയോ അല്ലെങ്കിൽ അദ്ദേഹം സ്വയം സ്ഥാനമൊഴിയുകയോ ആണ്‌ വേണ്ടത്.

തൻറെ സഹപ്രവർത്തകനായ ഒരു ഉദ്യോഗസ്ഥന്റെ അകാല മരണത്തിൽ ഒട്ടും ദുഃഖമില്ലാത്ത കലക്ടർ പി.പി.ദിവ്യയെ രക്ഷപ്പെടുത്താൻ മൊഴിമാറ്റുകയാണ്. അതുകാരണത്താലാണ് നവീൻ ബാബുവിന്റെ കുടുംബം കലക്ടർ കള്ളം പറയുകയാണ് എന്ന് പറഞ്ഞത്. ജില്ലാ കലക്ടറുടെ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലാത്ത അദ്ദേഹത്തിന് ഏറ്റവും യോഗ്യമായത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥാനം ഏറ്റെടുക്കുകയെന്നതാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാ കലക്ടറെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കലക്ടറെ തലസ്ഥാനത്തു നിന്ന് മാറ്റി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ.കെ എ ലത്തീഫ്, അഡ്വ എസ് മുഹമ്മദ് ,കെ പി താഹിർ ,ഇബ്രാഹിംമുണ്ടേരി ,കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടിതിരുവട്ടൂർ ,ടി.എ.തങ്ങൾ ,അൻസാരി തില്ലങ്കേരി ,സി കെ മുഹമ്മദ് മാസ്റ്റർ, എംപി മുഹമ്മദലി, മഹമൂദ്അള്ളാംകുളം എന്നിവർ പ്രസംഗിച്ചു.