മത്സ്യവിതരണ തൊഴിലാളികളെ ഇടതു സർക്കാർ വഞ്ചിച്ചു; അബ്ദുൾ കരീം ചേലേരി
കേരളത്തിലെ പൊതു മാർക്കറ്റ് കേന്ദ്രീകരിച്ചും തലച്ചുമടായും റിക്ഷാ വണ്ടിയിലും ഷോപ്പുകളിലും മത്സ്യം വിതരണം ചെയ്ത് ഉപജീവനം നടത്തുന്ന മത്സ്യവിതരണ അനുബന്ധ തൊഴിലാളികളെ ഇടതു സർക്കാർ അവരുടെ ആനുകൂല്യങ്ങൾ നൽകാതെയും, വെട്ടിക്കുറച്ചും വഞ്ചിക്കുകയാണന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ:അബ്ദുൾ കരീം ചേലേരി.
കണ്ണൂർ: കേരളത്തിലെ പൊതു മാർക്കറ്റ് കേന്ദ്രീകരിച്ചും തലച്ചുമടായും റിക്ഷാ വണ്ടിയിലും ഷോപ്പുകളിലും മത്സ്യം വിതരണം ചെയ്ത് ഉപജീവനം നടത്തുന്ന മത്സ്യവിതരണ അനുബന്ധ തൊഴിലാളികളെ ഇടതു സർക്കാർ അവരുടെ ആനുകൂല്യങ്ങൾ നൽകാതെയും, വെട്ടിക്കുറച്ചും വഞ്ചിക്കുകയാണന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ:അബ്ദുൾ കരീം ചേലേരി. ഇത്തരം തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പിലാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യ വിതരണ തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ മത്സ്യ തൊഴിലാളിക്ഷേമനിധി ബോർഡിൽ വർഷത്തിൽ 240 രൂപ അടക്കുന്നത് 600 രൂപയായി വർദ്ധിപ്പിച്ചത് പിൻവലിക്കുക, മൊത്ത മത്സ്യ മാർക്കറ്റുകളിൽ നിന്നും ചെറുകിട വിതരണക്കാർ വാങ്ങുന്ന മത്സ്യത്തിന്റെ തൂക്കക്കുറവ് പരിഹരിക്കാൻ ഗവർമന്റ് തലത്തിൽ ഇടപെടുക, ഈ വിഭാഗം തൊഴിലാളികളുടെ മക്കൾക്ക് വിദ്ധ്യാഭ്യാസ സഹായമായ ലംപ്സം ഗ്രാന്റ് അനുവദിക്കുക, തൊഴിലാളികൾക്ക് യു ഡി എഫ് പ്രഖ്യാപിച്ചതും ഇട തടവില്ലാതെ നടപ്പാക്കിയ തണൽ പദ്ധതി പൂർണ്ണ തോതിൽ കുടിശിക അടക്കം വിതരണം ചെയ്യുക, തൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെഡറേഷൻ സംസ്ഥാന ജനറൽ സ്ക്രട്ടറി സാഹിർ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കബീർ ബക്കളം സ്വാഗതം പറഞ്ഞു. എസ് ടി യു ജില്ലാവൈസ് പ്രസിഡന്റ് സി ഉമ്മർ,എ ശാക്കിർ, എ.വി.ഷെരീഫ് പ്രസംഗിച്ചു. ഫെഡറേഷൻ ജില്ലാ ട്രഷറർ പി കെ ഖമറുദ്ധീൻ നന്ദി പറഞ്ഞു. മാർച്ചിന് ജില്ലാ ഭാരവാഹികളായ കെ.വി മുസ്തഫ, പി കെ നിസ്സാർ, അബ്ദു ബക്കളം, അസ്സീസ് മുയ്യം, എം.എസ് .സെലീം, തസ്ലീം തോട്ടട, അമാൻ, കെ.കെ അലി എന്നിവർ നേതൃത്വം നൽകി.