കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറുന്നതിനിടെ വീണു മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനിൽ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ട് യാത്രക്കാരന്‍ മരിച്ചു.

 

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനിൽ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ട് യാത്രക്കാരന്‍ മരിച്ചു. നാറാത്ത് സ്വദേശി കുഞ്ഞിമടലികത്ത് ഹൗസില്‍ പി കാസിം(62) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.50ന്റെ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ചാടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയ്‌നിനും ഇടയില്‍ പെടുകയായിരുന്നു.

ഉടന്‍ തന്നെ ഇദ്ദേഹത്തെ പുറത്തെടുത്തു ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. കണ്ണൂര്‍ നാറാത്ത് മടത്തികൊവ്വല്‍ താമസിച്ചിരുന്ന കാസിം ഇപ്പോള്‍ കമ്പില്‍ പാട്ടയം ലീഗ് ഓഫിസിനു സമീപത്താണ് താമസം.

ട്രെയിൻ യാത്ര പുറപ്പെടും മുൻപ് തന്നെ ഇദ്ദേഹം പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രെയിനിൽ കയറാൻ ശ്രമിച്ചു. എന്നാൽ ഇതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. ട്രെയിൻ ഈ സമയത്ത് തന്നെ പുറപ്പെട്ടതോടെ ഇയാൾക്ക് രക്ഷപ്പെടാനായില്ല.

അപകടത്തിൽ ഫോൺ തകർന്നുപോവുക കൂടി ചെയ്തതോടെ മരിച്ചതാരാണെന്ന് സ്ഥിരീകരിക്കാൻ മറ്റ് വഴികൾ തേടേണ്ടതായി വന്നു. ഓടിക്കൂടിയ യാത്രക്കാരാണ് ഇദ്ദേഹത്തെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ നിന്ന് വലിച്ച് പുറത്തെടുത്തത്. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.