കണ്ണൂർ നഗരത്തിന് പുത്തൻ മെയ്ക്ക് ഓവർ : ബഹുമുഖ പദ്ധതികളുമായി കോർപറേഷൻ ബഡ്ജറ്റ്

നഗരത്തിന്റെ മുഖച്ചായ മാറ്റുന്ന പദ്ധതികളുമായി കോര്‍പ്പറേഷന്‍ ബജറ്റ്.

 

കണ്ണൂര്‍: നഗരത്തിന്റെ മുഖച്ചായ മാറ്റുന്ന പദ്ധതികളുമായി കോര്‍പ്പറേഷന്‍ ബജറ്റ്. ഡെപ്യൂട്ടി മേയര്‍ കെ.പി താഹിറാണ് ബജറ്റ് അതരിപ്പിച്ചത്. 2025-26 പുതുക്കിയ ബജറ്റില്‍ 544,24,51,317 രൂപയുടെ വരവും 311,33,30,481 രൂപയുടെ ചെലവും 232,91,20,836 രൂപയുടെ നീക്കിയിരുപ്പുമാണ് പ്രതീക്ഷിക്കുന്നത്.
2026-27 വര്‍ഷത്തെ മതിപ്പ് ബജറ്റില്‍ 715,84,22,406 രൂപയുടെ വരവും 355,41,31,420 രൂപയുടെ ചെലവും 360,42,90,986 രൂപയുടെ നീക്കിയിരുപ്പുമാണ് പ്രതീക്ഷിക്കുന്നത്.
നഗരത്തില്‍ സ്‌പോര്‍ട്‌സ് വ്യപാര സമുച്ചയം ഡി.പിആറിന് ഒന്നരക്കോടി,ഉറങ്ങാത്ത നഗരം ലക്ഷ്യമിട്ട് നൈറ്റ് ഓഫീസ് പദ്ധതിക്ക് 10കോടി,കണ്ണൂര്‍ ടോയ് ടൗണ്‍ പദ്ധതിക്ക് ഒരു കോടി,നെയ്ത്ത്-കളരി-തെയ്യം അനുഭവ കേന്ദ്രം 10 ലക്ഷം,പയ്യാമ്പലം കണ്ണൂരിന്റെ അന്താരാഷട്ര ടൂറിസ കേന്ദ്രമാക്കുന്നതിന് രണ്ട് കോടി,തെരുവ് നായ നിയന്ത്രണ പദ്ധതി
ഒരു കോടി എന്നിവയാണ് പ്രധാന പദ്ധതികള്‍. 


ജവഹര്‍ സ്‌റ്റേഡിയവും പഴയ ബസ് സ്റ്റാന്റും ബന്ധിപ്പിക്കുന്ന വ്യാപാര സമുച്ചയമാണ് ബജറ്റിലെ പ്രധാന പദ്ധതി. സ്‌റ്റേഡിയവും ബസ് സ്റ്റാന്റും പൂര്‍ണമായി പൊളിച്ച് ആധുനികമായ രീതിയില്‍ പുതുക്കിപ്പണിയും.അണ്ടര്‍ ഗ്രൗണ്ട്  വഴി ബസ് സ്റ്റാന്റും സ്‌റ്റേഡിയവും ബന്ധിപ്പിക്കും.വിശാലമായ പാര്‍ക്കിംഗ്,മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍,ഫുഡ് കോര്‍ട്ട്,ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍,മീറ്റിംഗ് ഹാളുകള്‍,മാളുകള്‍ ഉള്‍പ്പെടും.ഇതിന്റെ ഡി.പി.ആറിന് ഒന്നരക്കോടി വകയിരുത്തി.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഭരണ നിര്‍വവഹണവും സേവന വിതരണവും.പൊലീസ്,നൈറ്റ് ടൈം സെക്യൂരിറ്റി,സ്വകാര്യ കടകള്‍,സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍,യൂത്ത് ഗ്രൂപ്പ്,റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ സഹകരണത്തോടെ നൈറ്റ് ഓഫീസ് പ്രവര്‍ത്തിക്കും.ഇതിനായി 10കോടി വകയിരുത്തി.
കണ്ണൂർനഗരത്തിലെത്തിപ്പെടുന്ന സഞ്ചാരികള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരുന്നതിന് റെയില്‍വേ സ്‌റ്റേഷന്‍,വിമാനത്താവളം,വിനോദ സഞ്ചാരകേന്ദ്രങ്ങള്‍,തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൂട്ടിയോജിപ്പിച്ച് കണ്ണൂര്‍ സവാരി എന്ന പേരില്‍ ഓണ്‍ലൈന്‍ ആപ്പ് വികസിപ്പിക്കും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 രൂപക്ക് പ്രാതല്‍,ഉച്ചഭക്ഷണം,അത്താഴം എന്നിവ ലഭിക്കുന്ന കാന്റീനുകള്‍ ആരംഭിക്കും.നിരാലംബര്‍,അഗതികള്‍ എന്നിവര്‍ക്ക് സൗജന്യമായി ഇവിടെ നിന്നും ഭക്ഷണം നല്‍കും.


കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് നഗരത്തില്‍ ഇലക്ടിക് ബസുകളും വിവിധ ഭാഗങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളും ആരംഭിക്കും.ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി. കണ്ണൂർനഗരത്തിലെ ഓടകളില്‍ അടിഞ്ഞുകൂടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനും പടന്നപ്പാലം,ചേലോറ എന്നിവിങ്ങളിലെ വെറ്റ് വെല്ലുകളില്‍ ടാങ്കിന്റെ അടിയില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതിനുമായി റോബോട്ടിക് സംവിധാനം ആരംഭിക്കും.
കണ്ണൂർനഗരത്തിലെ ഹോട്ടലുകളിലെയും ബേക്കറികളിലെയും പലഹാരങ്ങള്‍ തയ്യാറാക്കുന്ന എണ്ണയുടെ പഴക്കം കണ്ടെത്തുന്നതിനായി ഹെല്‍ത്ത് സ്‌ക്വാഡിന് 10 ഫ്രൈയിംഗ് ഓയില്‍ മോണിറ്റര്‍ വാങ്ങുന്നതിന് 10ലക്ഷം വകയിരുത്തി.

കാനാമ്പുഴ,കക്കാട്,വാരം കടവ് പുഴയോരങ്ങള്‍,ആദികടലായി,തോട്ടട,ഏഴര,ആയിക്കര,നീര്‍ച്ചാല്‍,തയ്യില്‍,മൈതാനപ്പള്ളി കടല്‍ ഉള്‍പ്പെടുത്തി തീരദേശ ടൂറിസം പദ്ധതി ആരംഭിക്കും.ഇതിനായി രണ്ട് കോടി വകയിരുത്തി.കണ്ണൂർനഗരത്തില്‍ തുടങ്ങിവെച്ച സൗന്ദര്യവല്‍ക്കരണം ചാലാട്,കക്കാട്,വാരം,മുതുക്കോത്ത്,എളയാവൂര്‍,എടക്കാട് ഭാഗത്തേക്ക് വ്യാപിപ്പിക്കും. പയ്യാമ്പലം ബീച്ചിലെ നിലവിലെ വാക്ക് വേ നീര്‍ക്കടവ് വരെ ദീര്‍ഘിപ്പിക്കും.24 മീറ്റര്‍ റോഡ്,പ്രവേശന പാലം,ക്രമീകരിച്ച പാര്‍ക്കിംഗ്,സ്മാര്‍ട്ട് ലൈറ്റിംഗ്,മോഡേണ്‍ ബങ്കുകള്‍,ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും.ഇതിനായി  രണ്ട് കോടി രൂപ വകയിരുത്തി. കണ്ണൂർ നഗരത്തിലെത്തുന്നവർക്ക് ഭീതി ജനിപ്പിക്കുന്നതെരുവ് നായകളെയും മറ്റു അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും നിയന്ത്രിക്കാന്‍ 10ഏക്കറില്‍ പുനരധിവാസ-എബിസി കേന്ദ്രം സ്ഥാപിക്കും.ഇതിനായി 50ലക്ഷം വകയിരുത്തി
കോര്‍പ്പറേഷന്‍ ജീവന്‍ രക്ഷാ പദ്ധതി 20 ലക്ഷവും വയോജന സൗഹൃദ നഗരസഭ പദ്ധതിക്ക്10 ലക്ഷവുംമഹാത്മ വാര്‍ഡ് സേവന കേന്ദ്രങ്ങള്‍ക്ക് രണ്ട് കോടിയുംകാര്‍ഷിക മേഖല വെര്‍ട്ടിക്കല്‍ ഫാമിംഗ് രണ്ടരക്കോടി മൃഗ സംരക്ഷണ പരിപാടിക്ക് 50 ലക്ഷവും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ80 ലക്ഷവും ബഡ്ജറ്റിൽ വകയിരുത്തി. ആരെങ്കിലും കടു മണിത്തൂക്കം നന്മ ചെയ്താല്‍ അതിന്റെ പ്രതിഫലം കിട്ടും.ആരെങ്കിലും കടു മണി തൂക്കം തിന്മചെയ്താല്‍ അതിന്റെ പ്രതിഫലം കിട്ടുമെന്ന
ഖുര്‍ആന്‍ വാക്യം പറഞ്ഞാണ് ഡപ്യൂട്ടി മേയര്‍ ടി.സി താഹിർ  ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.