ജീവനക്കാരുടെ പ്രതീക്ഷകൾക്ക് പുതുപ്രതീക്ഷയുടെ പൊൻകിരണം; യു.ഡി.എഫ് സർക്കാരിന് കെ.ജി.ഒ.യു ഐക്യദാർഢ്യ സദസ് നടത്തി
കേവലം ആറുമാസം പ്രായമായ യു.ഡി.എഫ് സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും കള്ളപ്രചാരണങ്ങളും നടത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ഇടതുപക്ഷ സർവീസ് സംഘടനകളുടെ നീക്കങ്ങൾക്കെതിരെ, ജീവനക്കാരെ ചേർത്തുപിടിക്കുന്ന യു.ഡി.എഫ് സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.ജി.ഒ.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സിവിൽ സ്റ്റേഷനു മുന്നിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
കണ്ണൂർ: കേവലം ആറുമാസം പ്രായമായ യു.ഡി.എഫ് സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും കള്ളപ്രചാരണങ്ങളും നടത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ഇടതുപക്ഷ സർവീസ് സംഘടനകളുടെ നീക്കങ്ങൾക്കെതിരെ, ജീവനക്കാരെ ചേർത്തുപിടിക്കുന്ന യു.ഡി.എഫ് സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.ജി.ഒ.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സിവിൽ സ്റ്റേഷനു മുന്നിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
കഴിഞ്ഞ പത്തുവർഷക്കാലം ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക, ലീവ് സറണ്ടർ ആനുകൂല്യം, ശമ്പള പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിൽ മുഖംതിരിഞ്ഞുനിന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചപ്പോൾ ജീവനക്കാർക്കുവേണ്ടി ശബ്ദിക്കാതെ സർക്കാരിന് ഓശാന പാടിനടന്ന ഇടതുപക്ഷ സർവീസ് സംഘടനകളാണ് കേവലം ആറുമാസം പ്രായമായ യു.ഡി.എഫ് സർക്കാരിനെതിരെ ബാലിശമായ അവകാശവാദങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് അഭിപ്രായപ്പെട്ടു.
കഴിഞ്ഞകാലത്തെ ജീവനക്കാരോടുള്ള അവഗണനയിൽനിന്ന് വ്യത്യസ്തമായി, അധികാരത്തിലെത്തി കേവലം ആറുമാസത്തിനുള്ളിൽ തന്നെ രണ്ട് ശതമാനം ക്ഷാമബത്ത വർധനവ് അനുവദിച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടി ജീവനക്കാർക്ക് പ്രതീക്ഷയുടെ പൊൻകിരണമാണ്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാനും അവകാശങ്ങളും ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നതിന്റെ ശുഭസൂചനയായാണ് ഈ നടപടിയെ ജീവനക്കാർ കാണുന്നത്. ജീവനക്കാരെ ചേർത്തുപിടിക്കുന്ന സർക്കാരിനുള്ള പിന്തുണയും വിശ്വാസവുമാണ് ഇത്തരം ഐക്യദാർഢ്യ സദസ്സുകളിലൂടെ കെ.ജി.ഒ.യു പ്രകടിപ്പിക്കുന്നത്.
കേരളത്തിലെ യു.ഡി.എഫ് സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.ജി.ഒ.യു സംസ്ഥാനത്തുടനീളം ഇത്തരം ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ജി.ഒ.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.പി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രൊഫ. വി.വി. മുഹമ്മദ് അനീസ്, ടി. ഷജിൽ, ഷാഹുൽ ഹമീദ്, രാജേഷ് ഖന്ന, എം.പി. ഷനിജ്, കെ. ശ്രീകാന്ത്, എൻ.കെ. രത്നേഷ്, ജീനു ജോൺ, സി.എച്ച്. മുഹമ്മദ് ഫൈസൽ, പി.വി. അനേഷ്, സി. ദിവേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.