കണ്ണൂരില്‍ ബംഗ്‌ളൂരില്‍ നിന്നെത്തിയ വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടു പോയി അക്രമിച്ചു; ഒന്‍പതുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
കണ്ണൂര്‍: കണ്ണൂരില്‍ കാറില്‍ തട്ടിക്കൊണ്ടു പോയി വ്യാപാരിയെ അക്രമിച്ചു ഒന്‍പതുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. ബംഗ്‌ളൂരിലെ വ്യാപാരിയും ഏച്ചൂര്‍ കമാല്‍ പീടിക സ്വദേശിയുമായ തവക്കല്‍ ഹൗസില്‍ പി.പി റഫീഖിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്.
ബംഗ്‌ളൂരില്‍ നിന്നുളള ബസില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് കമാല്‍പീടിക ബസ് സ്‌റ്റോപ്പിലിറങ്ങിയ റഫീഖിനെ കാറില്‍ ഇരച്ചെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയും ഇതിനിടയില്‍ അക്രമിക്കുകയുമായിരുന്നു. വാള്‍ കൊണ്ടു റഫീഖിന്റെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും നാഭിക്കും മറ്റും മര്‍ദ്ദിക്കുകയുമായിരുന്നു. കാറില്‍ നിന്നും ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ റഫീഖിന്റെ ബാഗിലുണ്ടായിരുന്ന ഒന്‍പതുലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ഇതിനു ശേഷം ഇയാളെ കാപ്പാട് ഉപേക്ഷിക്കുകയും കടന്നുകളയുകയുമായിരുന്നു. ഇതിനു ശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയ റഫീഖ് ചക്കരക്കല്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ദേഹമാസകലം പരുക്കേറ്റ ഇയാള്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട്.
ബാങ്കില്‍പണയത്തിലുളള സ്വര്‍ണമെടുക്കുന്നതിനാണ് പണം കൊണ്ടു വന്നതെന്നാണ് റഫീഖിന്റെ മൊഴി. തന്റെ അക്രമിക്കാന്‍ കറുപ്പ് നിറത്തിലുളള കാറിലെത്തിയ സംഘം മലയാളികളാണെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ചക്കരക്കല്‍ പൊലിസ് അറിയിച്ചു.