കണ്ണൂർ ചെറുപുഴ ടൂറിസം വികസനത്തിന് കുതിപ്പേകാൻ 8 കോടിയുടെ പദ്ധതി; തേജസ്വിനി പുഴയോരത്ത് ഭൂമി സർവ്വേ പൂർത്തിയായി

മലയോര ഗ്രാമമായ ചെറുപുഴയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് വലിയ ഉണർവേകുന്ന എട്ട് കോടി രൂപയുടെ ടൂറിസം പദ്ധതി നിർണ്ണായക ഘട്ടത്തിലേക്ക്. തേജസ്വിനി പുഴയുടെ തീരത്ത് നടത്തിയ ഭൂമി സർവ്വേ പൂർത്തിയായതോടെ പദ്ധതി യാഥാർത്ഥ്യമാകുന്നതിനുള്ള നടപടികൾ വേഗത്തിലായി. റഗുലേറ്റർ കം ബ്രിഡ്ജ് മുതൽ പുതിയ ചെറുപുഴ പാലം വരെയുള്ള ഏകദേശം പത്ത് ഏക്കറോളം ഭൂമിയാണ് സർവ്വേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

കണ്ണൂർ: മലയോര ഗ്രാമമായ ചെറുപുഴയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് വലിയ ഉണർവേകുന്ന എട്ട് കോടി രൂപയുടെ ടൂറിസം പദ്ധതി നിർണ്ണായക ഘട്ടത്തിലേക്ക്. തേജസ്വിനി പുഴയുടെ തീരത്ത് നടത്തിയ ഭൂമി സർവ്വേ പൂർത്തിയായതോടെ പദ്ധതി യാഥാർത്ഥ്യമാകുന്നതിനുള്ള നടപടികൾ വേഗത്തിലായി. റഗുലേറ്റർ കം ബ്രിഡ്ജ് മുതൽ പുതിയ ചെറുപുഴ പാലം വരെയുള്ള ഏകദേശം പത്ത് ഏക്കറോളം ഭൂമിയാണ് സർവ്വേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അധികം അറിയപ്പെടാത്തതും പ്രകൃതിരമണീയവുമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള പ്രദേശമാണ് ചെറുപുഴ. ഭൂമി സർവ്വേ പൂർത്തിയായ സാഹചര്യത്തിൽ സെമിനാറുകൾ സംഘടിപ്പിക്കാനും പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാനുമുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതർ.

ടൂറിസം വികസനത്തിനായി ഇത്രയും വലിയൊരു പദ്ധതി പഞ്ചായത്തിന് ലഭിക്കുന്നത് ഇതാദ്യമാണെന്ന് ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സതീശൻ കാർത്തികപ്പള്ളിൽ വ്യക്തമാക്കി. അനുവദിച്ച എട്ട് കോടി രൂപയിൽ അഞ്ച് കോടി രൂപ പുഴയോരത്ത് സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നതിനും, ബാക്കി മൂന്ന് കോടി രൂപ ടൂറിസം വികസന പ്രവർത്തനങ്ങൾക്കുമായാണ് വിനിയോഗിക്കുക. ജനങ്ങൾക്ക് ഒത്തുകൂടാനും വിനോദങ്ങളിൽ ഏർപ്പെടാനും കഴിയുന്ന തരത്തിൽ മനോഹരമായ പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. പ്രാദേശിക സമൂഹത്തിന് കൂടി ഗുണകരമാകുന്ന വികസനമായതിനാൽ ജനങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും, മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ, കാസർകോട് ജില്ലകളുടെ സ്വാഭാവിക അതിർത്തിയായി ഒഴുകുന്ന തേജസ്വിനി പുഴയുടെ മറുകര കാസർകോട് ജില്ലയാണ്. പ്രദേശത്തെ ഫാം ടൂറിസം, കയാക്കിങ്, പാർക്കുകൾ, അധികമാരും എത്തിപ്പെടാത്ത മനോഹര സ്ഥലങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ഒരു സമഗ്ര ടൂറിസം സർക്യൂട്ട് വികസിപ്പിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.