സൗദി ദമാമിലുണ്ടായ  വാഹനാപകടത്തിൽ  2 കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം   

സൗദി അറേബ്യയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മണോലി വീട്ടില്‍ സജീം (45), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ദഹ്‌റാന്‍-ജുബൈല്‍ ഹൈവേയില്‍ ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

 

ദമ്മാം: സൗദി അറേബ്യയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മണോലി വീട്ടില്‍ സജീം (45), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ദഹ്‌റാന്‍-ജുബൈല്‍ ഹൈവേയില്‍ ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റാസ്തന്നൂറയില്‍ നിന്നും ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു അറബി യുവാവിന്റെ വാഹനം ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടു തെറിച്ചുപോയ കാര്‍ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് വീണു.

കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ഇരുവരേയും ഏറെ പ്രയത്‌നിച്ചാണ് പൊലീസ് പുറടുത്തത്. അപകടസ്ഥലത്തുവെച്ചുതന്നെ സജീം മരിച്ചു. ശ്രീലേഷ് ആശുപത്രിയിൽ വച്ച് മരിച്ചു.
20 വർഷമായി ദമാമിൽ സ്വന്തമായി വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുകയാണ് സജീം. ഇദ്ദേഹത്തിന്റെ കീഴിലെ ജീവനക്കാരനായിരുന്നു ശ്രീലേഷ്. രാത്രി വൈകിയിട്ടും ഇരുവരും തിരിച്ചെത്താഞ്ഞതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് ഖത്വീഫ് പൊലീസില്‍ നിന്നും അപകടവിവരം അറിയുന്നത്. 

മൃതദേഹങ്ങള്‍ ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ശ്രീലേഷിന്റെ ഏക സഹോദരന്‍ ശ്രീരാഗ് അഞ്ച് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് മരണപ്പെട്ടത്. പിതാവ് ലക്ഷ്മണന്‍ മുന്‍ പ്രവാസിയായിരുന്നു. കനകലതയാണ് മാതാവ്. സജീമിന്‍റെ മൃതദേഹം ദമാമിൽത്തന്നെ ഖബറടക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ബന്ധുക്കൾ അറിയിച്ചു. അഡ്വ.റുഹാലത്ത് ആണ് സജീമിന്റെ ഭാര്യ. മക്കൾ: ആദിൽ, ഹുസൈൻ, അമൽ.