കുഞ്ഞുഹൃദയത്തിനായി 10,000 ചുവടുകൾ; നിർദ്ധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ എന്ന ലക്ഷ്യം മുൻനിർത്തി കണ്ണൂർ ആസ്റ്റർ മിംസ് വാക്കത്തോൺ സംഘടിപ്പിച്ചു
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ലഭ്യമാക്കുകയെന്ന മാതൃകാപരമായ ലക്ഷ്യവുമായി കണ്ണൂർ ആസ്റ്റർ മിംസ് സംഘടിപ്പിച്ച ഹൃദയദിന വാക്കത്തോൺ ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ആസ്റ്റർ മിംസ്, ആസ്റ്റർ വോളണ്ടിയേഴ്സ്, കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഹാർട്ട് ടു ഹാർട്ട് കെയർ കാമ്പയിന്റെ ഭാഗമായി ഹൃദയദിന വാക്കത്തോൺ സംഘടിപ്പിച്ചത്.
കണ്ണൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ലഭ്യമാക്കുകയെന്ന മാതൃകാപരമായ ലക്ഷ്യവുമായി കണ്ണൂർ ആസ്റ്റർ മിംസ് സംഘടിപ്പിച്ച ഹൃദയദിന വാക്കത്തോൺ ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ആസ്റ്റർ മിംസ്, ആസ്റ്റർ വോളണ്ടിയേഴ്സ്, കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഹാർട്ട് ടു ഹാർട്ട് കെയർ കാമ്പയിന്റെ ഭാഗമായി ഹൃദയദിന വാക്കത്തോൺ സംഘടിപ്പിച്ചത്. കണ്ണൂർ ജില്ലാ പോലീസ് കമ്മീഷണർ ബി.വി. വിജയ് ഭരത് റെഡ്ഡി ഫ്ലാഗ് ഓഫ് നിർവഹിച്ചു. ചടങ്ങിൽ കണ്ണൂർ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ, ആസ്റ്റർ മിംസ് കാർഡിയോളജിസ്റ്റ് ഡോ പ്ലാസിഡ് സെബാസ്റ്റ്യൻ,ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ രിന്ദു ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ബഷീർ എന്നിവരും പങ്കെടുത്തു,
ഒരു കുഞ്ഞുഹൃദയത്തിനായി ചുവടുവെക്കാം എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച കാമ്പയിനിൽ ഓരോ വ്യക്തിയും വ്യായാമത്തിലൂടെ പൂർത്തിയാക്കുന്ന ഓരോ 10,000 ചുവടുകളും ഹൃദ്രോഗമുള്ള ഒരു കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായമായി മാറും എന്നതായിരുന്നു ഈ ദൗത്യത്തിന്റെ സവിശേഷത. സാമ്പത്തിക പ്രയാസങ്ങൾ മൂലം ഒരു കുഞ്ഞിനും ജീവൻരക്ഷാ ചികിത്സ നിഷേധിക്കപ്പെടരുതെന്ന ഉറച്ച പ്രതിബദ്ധതയും വ്യായാമം ജനങ്ങളുടെ ദൈനംദിന ജീവിതചര്യയുടെ ഭാഗമാക്കുക എന്നതുകൂടിയായിരുന്നു ഈ ഉദ്യമത്തിന് പിന്നിലെന്ന് കണ്ണൂർ ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. അനൂപ് നമ്പ്യാർ വ്യക്തമാക്കി. വാക്കത്തോണിനോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി നടന്ന ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസിന് ആസ്റ്റർ മിംസിലെ വിദഗ്ദ്ധ കാർഡിയോളജിസ്റ്റ് ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ നേതൃത്വം നൽകി.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജീവിതശൈലിയിലുണ്ടായ വേഗത്തിലുള്ള മാറ്റങ്ങൾ കാരണം ഹൃദ്രോഗികളുടെ എണ്ണം ആശങ്കാജനകമാംവിധം വർദ്ധിക്കുകയാണെന്ന് ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. ശാരീരിക അധ്വാനത്തിന്റെ കുറവും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളുമാണ് ഇതിന് പ്രധാന കാരണം. ദിനംപ്രതിയുള്ള വ്യായാമങ്ങളിലൂടെയും സജീവമായ ജീവിതചര്യയിലൂടെയും മാത്രമേ ഹൃദയാരോഗ്യം കൃത്യമായി സംരക്ഷിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം തന്റെ ഹൃദയദിന സന്ദേശത്തിൽ വ്യക്തമാക്കി.
കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ സ്റ്റേഡിയം കോർണർ,കാൽടെക്സ് ജംഗ്ഷൻ, വഴി സഞ്ചരിച്ച് തിരികെ സ്കൂളിൽ സമാപിച്ചു. അത്യാധുനിക ആരോഗ്യസേവനങ്ങൾ സാധാരണക്കാരിലെത്തിക്കുന്നതിലും ഭാവിതലമുറയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും കണ്ണൂർ ആസ്റ്റർ മിംസ് പുലർത്തുന്ന ആത്മാർത്ഥതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രകടമായ തെളിവായി ഈ വാക്കത്തോൺ മാറി.