കണ്ണൂർ കോർപറേഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ ; മേയറെ കുടുംബശ്രീ അംഗങ്ങൾ തടഞ്ഞു

കണ്ണൂർ കോർപറേഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ ; മേയറെ കുടുംബശ്രീ അംഗങ്ങൾ തടഞ്ഞു
 

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ കോംപൗണ്ടിലെ ടേസ്റ്റി ഹണ്ട് ഹോട്ടൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിലും കോംപൗണ്ടിന് പുറത്തും കുടുംബശ്രീ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. മേയർ അഡ്വ.ടി.ഒ മോഹനനെ കുടുംബശ്രീ പ്രവർത്തകർ ഓഫീസിൽ കയറാൻ അനുവദിക്കാതെ ഉപരോധിച്ചു.സമരക്കാരും പോലീസും തമ്മിൽ ഏറെ നേരം പിടിവലി നടന്നു. 20 മിനുട്ടോളം കോർപറേഷൻ ഓഫീസ് സംഘർഷാവസ്ഥയിലായിരുന്നു.വ്യാഴഴ്ച രാവിലെ  കുടുംബശ്രീ പ്രവർത്തകർ കോർപ്പറേഷൻ ഓഫീസ് പ്രധാന കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുന്നതിനിടെ ഓഫീസിലേക്കെത്തിയ മേയറെ എട്ടോളം വരുന്ന കുടുംബശ്രീ പ്രവർത്തകർ തടയുകയായിരുന്നു. 11.10 ഓടെ പ്രധാന കവാടത്തിന് മുന്നിൽ എത്തിയ മേയറെ വനിതകൾ തടഞ്ഞു.

ഈ സമയം കനത്ത പോലീസ് സന്നാഹം കോംപൗണ്ടിന് പുറത്തും അകത്തും ഉണ്ടായിരുന്നുവെങ്കിലും സമരക്കാരുടെ ശക്തമായ ചെറുത്ത് നിൽപ്പ് കാരണം 20 മിനുട്ടോളം മേയർക്ക് പുറത്ത് നിൽക്കേണ്ടി വന്നു. പ്രതിഷേധക്കാരും പോലീസും പിടിവലി നടത്തുന്നതിനിടെ മേയർ ഓഫീസിലേക്ക് പെട്ടെന്ന് കയറുകയായിരുന്നു.മൂന്നോളം വനിതാ പോലീസുകാർ മാത്രമാണ് കോംപൗണ്ടിനകത്ത് സമരക്കാരെ മാറ്റാൻ ഉണ്ടായിരുന്നത്. ടൗൺ സി.ഐ ശ്രീജിത്ത് കോടേരി എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.അകത്ത് സമരം നടക്കുന്നതിനിടെ കോപൗണ്ടിന് പുറത്ത് സി.ഡി.എസ് അംഗങ്ങളും പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് വെട്ടിലായി.ഗേറ്റ് തളളിത്തുറന്ന് അകത്ത് കടക്കാനുള്ള ശ്രമം പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.സമരക്കാരെ അറസ്റ്റ് ചെയ്യുന്ന വിവരം അറിഞ്ഞ് പ്രതിക്ഷ കൗൺസിലറും സി.പി.എം നേതാവുമായ ടി.എൻ സുകന്യ കോർപറേഷൻ ഓഫീസിൽ എത്തിയിരുന്നു