കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നം:നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോൺ
വയനാട് : കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നത്തിൽ നിയമപരമായ ശാശ്വത പരിഹാരം കണ്ടെത്താൻ റിട്ടയേർഡ് ജഡ്ജിയുടെ സേവനം ലഭ്യമാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനം-കൃഷി വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ കൽപ്പറ്റ റസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാഞ്ഞിരത്തിനാൾ ജോർജ്ജിന്റെ ഭൂമി നിയമപരമായി കുടുംബത്തിന് തിരികെ നൽകാനുള്ള നിയമ സാധ്യതകൾ പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം.
പരിശോധനകൾ കാര്യക്ഷമമാക്കാൻ റിട്ടയേർഡ് ജഡ്ജിയെ സഹായിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വനം- റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. നിയമ സാധ്യതകൾ പരിശോധിച്ച് ഒരു മാസത്തിനകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ യോഗത്തിൽ മന്ത്രി നിർദേശിച്ചു. ട്രിബ്യൂണൽ, ഹൈക്കോടതി സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ചുകളുടെ വ്യത്യസ്ത വിധികൾ, വിധിന്യായങ്ങൾ നിലവിലുള്ളതിനാലാണ് കേസ് നിയമപരമായി സങ്കീർണ്ണമായത്.
സർക്കാർ കാഞ്ഞിരത്തിനാൽ കുടുംബത്തിനൊപ്പമാണെന്നും ഭൂമി പ്രശ്‌നത്തിൽ ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് ജില്ലയിലെത്തിയതെങ്കിലും കോടതി വിധിയുള്ള സാഹചര്യത്തിൽ സമിതി വിഷയം പഠിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ നിസഹായവസ്ഥ കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വയനാട് കളക്ടറേറ്റ് പടിക്കൽ സമരം ചെയ്യുന്ന കാഞ്ഞിരത്തിനാൽ ജെയിംസിനോട് സമരം അവസാനിപ്പിക്കണമെന്നും യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു.