വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനം ഏറെ മുന്നില്‍ :   മന്ത്രി വി.ശിവന്‍കുട്ടി

 

കൊല്ലം :  വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനം ഏറെ മുന്നിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ചിറ്റൂര്‍ ഇടപ്പള്ളികോട്ട സര്‍ക്കാര്‍ യു.പി എസിലെ നവീകരിച്ച ആധുനിക പ്രീപ്രൈമറി ക്ലാസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മികച്ച ഭൗതിക സാഹചര്യങ്ങളും പഠന രീതിയിലെ നൂതന മാറ്റവും പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിച്ച് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന നിലയിലേക്ക് വളര്‍ന്നു. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് അധ്യാപകരും തയ്യാറെടുക്കണം. പ്രീ പ്രൈമറി സ്‌കൂളുകളെ ശാക്തീകരിക്കുന്ന നടപടികള്‍ ദ്രുതഗതിയിലാക്കുമെന്നും  കാലാനുസൃതമായ മാറ്റങ്ങളിലൂടെ പൊതുവിദ്യാഭ്യാസ മേഖല ഉന്നത നിലവാരത്തിലേക്ക് ഉയരുകയാണെന്നും മന്ത്രി പറഞ്ഞു.

ഡോ.സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
ഹൈടെക് ക്ലാസ് മുറി, പ്രീ -പ്രൈമറി പാര്‍ക്ക്, തുമ്പൂര്‍മുഴി എന്നിവയുടെ ഉദ്ഘാടനവും എല്‍.എസ്.എസ് - യു.എസ്.എസ് പ്രതിഭകളെ ആദരിക്കലും, ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി സുധീഷ് കുമാര്‍, പ•ന പഞ്ചായത്ത് പ്രസിഡന്റ് എം. ഷെമി, വൈസ് പ്രസിഡന്റ് മാമൂലയില്‍ സേതുക്കുട്ടന്‍, കെ.എം.എം.എല്‍ ജനറല്‍ മാനേജര്‍ വി.അജയകൃഷ്ണന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍, രാഷ്ട്രീയകക്ഷി നോതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.