ചിന്നക്കനാലിൽ പ്രത്യേക ആർആർടിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോൺ
വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ ചിന്നക്കനാലിൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.
ഇടുക്കി : വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ ചിന്നക്കനാലിൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച മാരിയുടെ കുട്ടികളെ സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. ആർആർടിക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. നിലവിലുള്ള ആർആർടിക്കൊപ്പം പൂർണ സജ്ജമായിട്ടുള്ള അധിക റാപ്പിഡ് റെസ്‌പോൺസ് ടീമിനെയാണ് അടിയന്തരമായി നിയോഗിക്കുന്നത്. ഇതു സംബന്ധിച്ച് ഉടൻ ഉത്തരവിറക്കും. പുതിയ ആർആർടിയുടെ സേവനം അടിയന്തരമായി പ്രദേശത്ത് ലഭ്യമാക്കും.
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം വളരെ സങ്കീർണമായ പ്രശ്‌നമാണ്. ശാശ്വത പരിഹാരം സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തി തീരുമാനിക്കും. ഹൈക്കോടി നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതിയുടെ ശുപാർശ സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കും. ഹൈക്കോടതിയെ പ്രായോഗിക വശങ്ങൾ അറിയിക്കും. ജനവാസ മേഖലയിൽ 18 ലധികം ആനകളുണ്ട്. ആനയുടെ സഞ്ചാര പാതയിൽ പലയിടത്തും തടസപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ ആദിവാസി വിഭാഗങ്ങൾ കുടിയേറിപ്പാർത്തിട്ടുണ്ട്. റവന്യൂ ഭിമിയിൽ നിർമ്മിച്ച സ്വകാര്യ വൻകിട സ്ഥാപനങ്ങളുണ്ട്. ഇതെല്ലാം ആനയുടെ സഞ്ചാരപാത തടസപ്പെടുത്തിയിട്ടുണ്ട്.
ശാശ്വത പരിഹാരമാണ് ലക്ഷ്യം. ഇത്രയധികം ജനവാസമുള്ള മേഖലയിൽ ഫെൻസിംഗ് പോലുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ പ്രായോഗികത പഠിക്കേണ്ടതുണ്ട്. നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായം മനസിലാക്കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എംപിയും എംഎൽഎയും നിരന്തരമായി പ്രശ്‌നം സംബന്ധിച്ച് ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മാരിയുടെ മക്കളെ വനം വകുപ്പ് ദത്തെടുത്തു. അവർക്ക് മെന്ററെ നിയമിച്ചു. 18 വയസുവരെയുള്ള അവരുടെ എല്ലാ കാര്യങ്ങളും വകുപ്പ് നിറവേറ്റും. റേഷനും ഭക്ഷ്യവസ്തുക്കളും എത്തിച്ചുകൊടുക്കും. 5000 രൂപ മാസച്ചെലവിന് നൽകും. സ്‌കൂളുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കും. ഭാവിയിൽ വീട് ആവശ്യമാണെങ്കിൽ അത് സംബന്ധിച്ച് നടപടി സ്വീകരിക്കും. മൂന്നാറിൽ ബഫർ സോണിൽ ജനവാസ മേഖല ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് 30 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ജനവാസ മേഖല ഒഴിവാക്കി കരട് റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ മാരിയുടെ മകൻ രക്ഷനെയും മകൾ രക്ഷിണയെയും മൂന്നാർ ലോക്ക് ഹാർട്ടിലെ ബന്ധുവീട്ടിലെത്തി മന്ത്രി സന്ദർശിച്ചു. നന്നായി പഠിക്കാനും പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. മരിച്ച മാരിയുടെ സഹോദരി മുനിയമ്മയുടെയും ഭർത്താവ് മുനിയാണ്ടിയുടെയും സംരക്ഷണത്തിലാണ് കുട്ടികൾ. ചിന്നക്കനാൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് രക്ഷൻ. രക്ഷിണ ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വീട്ടിലെത്തിയ മന്ത്രി രണ്ടു പേർക്കും സൈക്കിൾ നൽകിയ ശേഷമാണ് മടങ്ങിയത്.