വാഴൂർ സോമൻ എം എൽ എ നാടിന്റെ വികസനത്തിനായി നിലകൊണ്ട നേതാവ്: രാരിച്ചൻ നീറണാംകുന്നേൽ

വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു.അവസാനശ്വാസം വരെ നാടിന്റെ വികസനത്തിനായി നിലകൊണ്ട നേതാവാണ് വാഴൂർ സോമനെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

 

ഇടുക്കി :വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു.അവസാനശ്വാസം വരെ നാടിന്റെ വികസനത്തിനായി നിലകൊണ്ട നേതാവാണ് വാഴൂർ സോമനെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന യോഗത്തിൽ എം എൽ എയെ അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി എന്നും അദ്ദേഹം നിലനിന്നു. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും നാട്ടിൽ മികച്ച കായിക താരങ്ങളെ വളർത്തിയെടുക്കാനും ലഹരിയിൽ നിന്ന് യുവ തലമുറയെ പിന്തിരിപ്പിച്ച് ജീവിതം ലഹരിയാക്കി മാറ്റാനുമാണ് ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതി സർക്കാർ നടപ്പിലാക്കിയത്. കായിക താരങ്ങൾക്ക് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാനാണ് സ്റ്റേഡിയം നിർമ്മിച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

പീരുമേട് എം എൽ എ ആയിരുന്ന വാഴൂർ സോമന്റെ സ്വപ്ന പദ്ധതിയായ മിനി സ്റ്റേഡിയം നവീകരണത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി മിനി സ്റ്റേഡിയത്തിന് 'വാഴൂർ സോമൻ എം. എൽ. എ സ്മാരക സ്റ്റേഡിയം' എന്ന് നാമകരണ പ്രഖ്യാപനം നടത്തി.ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി എം എൽ എ എ. ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും സർക്കാരിന്റെ 50 ലക്ഷം രൂപയും കൊണ്ട് ഒരു കോടി രൂപയുടെ  നവീകരണ പ്രവർത്തനങ്ങൾ സ്റ്റേഡിയത്തിൽ നടത്തി.വോളിബോൾ, ഫുട്‌ബോൾ, ക്രിക്കറ്റ്, കബഡി തുടങ്ങി വിവിധയിനങ്ങളിൽ പരിശീലനം നടത്താൻ സ്റ്റേഡിയത്തിൽ സാധിക്കും.


വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം ഉഷ അധ്യക്ഷയായി. ദേശീയ- സംസ്ഥാന- പഞ്ചായത്ത് തലങ്ങളിൽ വിവിധ കായികയിനങ്ങളിൽ ജേതാക്കളായവരെ ചടങ്ങിൽ ആദരിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം എസ്. പി രാജേന്ദ്രൻ,
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല കുളത്തിങ്കൽ, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി. എസ് രാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവത്തായി, ബ്ലോക്ക് മെമ്പർ പി. മാലതി, താലൂക്ക് സപ്ലൈ ഓഫീസർ  എം. ഗണേശൻ,വിവിധ വാർഡുകളിലെ മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.