ഇത് കുട്ടിക്കളിയല്ല : ആരോഗ്യവിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് കുട്ടി പാർലമെന്റ്

 

ഇടുക്കി :   രാജ്യത്തെ  വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആരോഗ്യ മേഖലകളിലെ പ്രശ്നങ്ങൾ  ചർച്ചക്കെത്തിയപ്പോൾ  കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കാൻ ബാലപാർലമെന്റിൽ  നിർദേശം.  ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാലപാർലമെന്റിൽ രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ , വിദ്യാഭ്യാസം, ബാലവിവാഹം, തുടങ്ങിയവ ഗൗരവസ്വഭാവത്തോടെ കുട്ടികൾ കൈകാര്യം ചെയ്തു. ചെറുതോണി ടൗൺ ഹാളാണ് കഴിഞ്ഞ ദിവസം ബാലപാർലമെന്റിന് വേദിയായത്. രാഷ്ട്രപതിയായി രാജാക്കാട് സ്വദേശി ഗൗരിനന്ദ രാജൻ , ഉപരാഷ്ട്രപതിയായി കട്ടപ്പന സ്വദേശി ഗോകുൽ ,  സ്പീക്കറായി പീരുമേട് സ്വദേശി  രാഹുൽ ആർ നായർ ,  പ്രധാനമന്ത്രിയായി ഏലപ്പാറ സ്വദേശി  അഭിറാം മനോജ് ,  പ്രതിപക്ഷ നേതാവിന്റെ ചുമതല വെണ്മണിയിൽ നിന്നുള്ള അദീന സിബി എന്നിവർ  നിർവഹിച്ചു. പാർലമെന്റ് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് വിവിധ വകുപ്പുകളുടെ മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ട  നിവേദ്യ, സർവേശ്, ദേവൂട്ടി, അൽക്ക, പവിത്ര, അനത്യ, ഇഹ്സാൻ, വൈഗ, ഇൻഷാ, എന്നിവർ മറുപടി നല്കി

 മുൻ എംപി അഡ്വ. ജോയിസ് ജോർജ്ജാണ്  ബാലപാർലമെന്റിന്റെ ഔപചാരിക  ഉദ്ഘാടനം നിർവഹിച്ചത്.ജനാധിപത്യസംവിധാനങ്ങളുടെ ആവശ്യകത, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളും അടിസ്ഥാന തത്വങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്  സംസ്ഥാന ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമസമിതി  കുട്ടികളുടെ ബാലപാര്‍ലമെന്റ് വിളിച്ചുചേർത്തത്. ജനാധിപത്യത്തെ പരിചയപ്പെടുന്നതോടൊപ്പം കുട്ടികളുടെ  വ്യക്തിത്വവികസനവും പരിപാടിയുടെ ലക്ഷ്യമായിരുന്നു.    പാര്‍ലമെന്റിന്റെ പൊതുനടത്തിപ്പും , അടിയന്തിര പ്രമേയവും വാക്കൗട്ടും എല്ലാം ഉള്‍പ്പെടുത്തി ഒരു യഥാര്‍ത്ഥ പാര്‍ലമെന്റായി ബാലപാർലമെന്റ് മാറുന്ന കാഴ്ചയായിരുന്നു ചെറുതോണി ടൗൺ ഹാളിൽ കണ്ടത്.

ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ജി സത്യൻ, ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ,  ലൈബ്രറി കൗൺസിൽ പ്രവർത്തകർ, വിവിധ മേഖലകളിൽ നിന്നെത്തിയ കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.