നാടിന്റെ വികസന കുതിപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയം: മന്ത്രി റോഷി അഗസ്റ്റിൻ

നാടിന്റെ വികസന കുതിപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ ശ്രദ്ധേയമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിക്കുന്ന'വിമൻ എംപവർമെന്റ് കോൺഗ്രസ്-2026'ഉം പുതുതായി തിരഞ്ഞെടുത്ത സി. ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

ഇടുക്കി : നാടിന്റെ വികസന കുതിപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ ശ്രദ്ധേയമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിക്കുന്ന'വിമൻ എംപവർമെന്റ് കോൺഗ്രസ്-2026'ഉം പുതുതായി തിരഞ്ഞെടുത്ത സി. ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ വളരെയധികം മുന്നേറി. കേരളം സ്ത്രീപക്ഷ ചിന്തകളോട് ചേർന്നാണ് പ്രവർത്തിക്കുന്നത്.
ഓരോ വകുപ്പും സ്ത്രീശാക്തീകരണത്തിന് ഉതകുന്ന പദ്ധതികൾക്ക് ഊന്നൽ നൽകി. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിന് കഴിഞ്ഞു. നിർഭയ പദ്ധതിയിലൂടെയും പിങ്ക് പോലീസിന്റെ സേവനങ്ങളിലൂടെയും സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങൾ തടയാൻ കഴിഞ്ഞു. 30 മുതൽ 60 വയസുവരെയുള്ള സ്ത്രീകൾക്ക്  1000 രൂപ വീതം നൽകുന്ന പദ്ധതിയിലൂടെ ആദ്യഘട്ടമായി 10 ലക്ഷം പേർക്ക് അവരുടെ അക്കൗണ്ടിൽ തുക നൽകി.

3520 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചു. തുല്യനീതി, സാമൂഹ്യനീതി എന്നിവ ഉറപ്പുവരുത്തി. കേരളത്തിലുള്ള സംരംഭകരിൽ കാൽലക്ഷത്തോളം സംരംഭകർ സ്ത്രീകളാണ്. നമ്മുടെ സമൂഹത്തിൽ എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കി. കുടുംബശ്രീ എ.ഡി.എസുകൾക്ക് 1000 രൂപ വീതം ഗ്രാന്റ് നൽകി. ലോകമെമ്പാടും മാതൃകയാക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും നാടിന്റെ വളർച്ചയിൽ മുഖ്യഹേതുവാകാൻ സ്ത്രീകൾക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ദേശീയ ക്രിക്കറ്റ് താരം സജ്‌ന സജീവൻ, എഴുത്തുകാരിയും ജെ. സി ഡാനിയേൽ അവാർഡ് ജേതാവുമായ അല്ലി പാത്തുമ്മ, ചലചിത്ര താരം ഗ്രേസ് ആന്റണി എന്നിവരെ ആദരിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും ചടങ്ങിൽ ആദരിച്ചു. വനിതാദിന പ്രൊമോഷൻ ഗാനവും കവിതാ സമാഹാരമായ സമവായനയുടെ പ്രകാശനവും ചടങ്ങിൽ അധ്യക്ഷത വഹിച്ച ദേവികുളം സബ് കളക്ടർ ആര്യ വി.എം നിർവഹിച്ചു. 'മികച്ച നേതൃത്വത്തിലൂടെ സാമൂഹ്യമാറ്റത്തിലേക്ക്' എന്ന വിഷയത്തിൽ മോട്ടിവേഷണൽ സ്പീക്കറും മെന്റലിസ്റ്റും റേഡിയോ ജോക്കിയും അധ്യാപകനുമായ ശരത് ടി.ആർ ക്‌ളാസ് നയിച്ചു.

വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേശ്, ശാന്തി ഹരിദാസ്, ശാലുമോൾ സാബു, റെജിമോൾ ഷിബി, റൂബി ജോസഫ് ജില്ലാപഞ്ചായത്ത് അംഗം മിനി സാബു, അഴുത ബ്‌ളോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരസമിതി ചെയർപേഴ്‌സൺ നിക്‌സൺ ജോർജ്ജ്, പീരുമേട് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സബീന മുഹമ്മദ്,ഇടുക്കി ജില്ലാ മിഷൻ കോഡിനേറ്റർ മണികണ്ഠൻ, കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ, കുട്ടിക്കാനം മരിയൻ കോളേജ് മാനേജർ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ,വൈസ് പ്രിൻസിപ്പൽ ഡോ. ലൂമി ജോസഫ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു എന്നിവർ സംസാരിച്ചു.