ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമായി: മന്ത്രി റോഷി അഗസ്റ്റിൻ
ഗ്രാമീണ മേഖലയിലുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കടമാക്കുഴി- കോക്കാട്ടുമല - ലഘുപാറ റോഡിന്റെ പൂർത്തീകരിച്ച ഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
ഇടുക്കി : ഗ്രാമീണ മേഖലയിലുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കടമാക്കുഴി- കോക്കാട്ടുമല - ലഘുപാറ റോഡിന്റെ പൂർത്തീകരിച്ച ഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നല്ല റോഡുകൾ നാടിന്റെ സൗന്ദര്യമാണ്. മലയോരഹൈവേയുടെ പുളിയൻ മലവരെയുള്ള ഭാഗം പണിയുന്നതിനായി 44 കോടി രൂപ അനുവദിച്ചു.
ഈ ബജറ്റിൽ പ്രഖ്യാപിച്ച കട്ടപ്പന- കമ്പം തുരങ്കപാത നാടിന്റെ വികസനത്തിൽ ശ്രദ്ധേയമായ നേട്ടമാകും. കട്ടപ്പന മേഖലയിലെ പ്രധാനപ്പെട്ട വിഷയമായിരുന്ന ഷോപ്പ്സൈറ്റുകൾക്ക് പട്ടയം നൽകാനും നിർമാണ നിരോധനം മാറ്റാനും തീരുമാനിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികിട്ടിയ ഭൂമിയിൽ ലാൻഡ് രജിസ്‌ട്രറിയിൽ എന്ത് തന്നെ രേഖപ്പെടുത്തിയാലും അത് കണക്കിലെടുക്കാതെ പട്ടയം കൊടുക്കാനുള്ള നിർദ്ദേശവും നൽകാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സി. എം. എൽ. ആർ. ആർ. പി (2.0) പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ മുടക്കി നിർമ്മാണം നടത്തിയ റോഡാണ് കടമാക്കുഴി-കോക്കാട്ടുമല -ലഘുപാറ റോഡ്. റോഡിന്റെ ബാക്കിഭാഗം പൂർത്തീകരിക്കാൻ 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കട്ടപ്പന നഗരസഭ കൗൺസിലർമാരായ രെജി ബിജു, സി. ആർ മുരളി, ഷാജി കൂത്തോടി, വി. ആർ സജി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.