വിവിധ മേഖലകളിലുണ്ടായ മാറ്റം നാടിന്റെ വികസനത്തിന്റെ ഭാഗം: മന്ത്രി റോഷി അഗസ്റ്റിൻ

വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.  ആരോഗ്യ, ഗതാഗത, വിദ്യാഭ്യാസ, ടൂറിസം മേഖലകളിലുണ്ടായ മാറ്റം നാടിന്റെ വികസനത്തിന്റെ  ഭാഗമാണന്നും വളർന്നു വരുന്ന തലമുറയ്ക്കായി ആവശ്യമായ സൗകര്യങ്ങൾ രൂപപ്പെടുത്താൻ പരമാവധി

 

ഇടുക്കി : വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.  ആരോഗ്യ, ഗതാഗത, വിദ്യാഭ്യാസ, ടൂറിസം മേഖലകളിലുണ്ടായ മാറ്റം നാടിന്റെ വികസനത്തിന്റെ  ഭാഗമാണന്നും വളർന്നു വരുന്ന തലമുറയ്ക്കായി ആവശ്യമായ സൗകര്യങ്ങൾ രൂപപ്പെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വാത്തിക്കുടി പഞ്ചായത്തിൽ ആരംഭിച്ച പതിനാറാംകണ്ടം, തോപ്രാംകുടി ഹയർ സെക്കൻഡറി സ്‌കൂളുകൾ, ഇടുക്കി മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, ഇടുക്കി എഞ്ചിനിയറിംഗ് കോളേജ്, കോളേജ് ഹോസ്റ്റലുകൾ, പോളിടെക്നിക് കോളേജ്, ഐഎച്ച്ആർഡി ഇവയെല്ലാം ഇടുക്കിയുടെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയുടെ അടയാളങ്ങളാണ്.  മെഡിക്കൽ കോളേജിൽ നിന്ന് ഈ വർഷം  100 ഹൗസ് സർജൻസി ഡോക്ടർമാർ ഇടുക്കിയുടെ മണ്ണിൽ നിന്ന് പുറത്തിറങ്ങുകയാണ്. മെഡിക്കൽ കോളേജ് റഫറൻസ് കേന്ദ്രമാണ്. 

അരമണിക്കൂറിനുള്ളിൽ റഫറൻസ് കേന്ദ്രത്തിലെത്താൻ കഴിയുന്നത് നാടിനുണ്ടായ വികസനമാണ്. അറുപതും എഴുപതും വർഷം പാരമ്പര്യമുള്ള മെഡിക്കൽ കോളേജുകളോട് 10-12 വർഷം മാത്രമായ ഇടുക്കി മെഡിക്കൽ കോളേജിനെ താരതമ്യപ്പെടുത്തുന്നത് യുക്തിയല്ല. അക്കാദമിക രംഗത്ത് ഇടുക്കി മെഡിക്കൽ കോളേജ് വിദ്യാർഥികൾ മറ്റു കോളേജ് വിദ്യാർഥികളെക്കാൾ മികച്ച വിജയം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റോഡ് നവീകരണ രംഗത്തും വലിയ പുരോഗതി സാധ്യമായി. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം പാത റോഡ് നവീകരണത്തിന്റെ ഉദാഹരണമാണ്. മുരിക്കാശേരി മുതൽ കോളേജ് ജംഗ്ഷൻ വരെയുള്ള റോഡ് നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തുക അനുവദിച്ചു. പാലങ്ങളും റോഡുകളും ആധുനികവത്കരണത്തിന്റെ ഭാഗമായി നവീകരിച്ചു. 

ശുദ്ധജല വിതരണത്തിന് ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് ജലസംഭരണി നിർമ്മിച്ചു. അതിനോട് അനുബന്ധിച്ച് ജലേതര വരുമാനം ലക്ഷ്യംവച്ച് വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസുകൾ ജില്ലാ ആസ്ഥാനത്ത് തുറന്നു. എല്ലാ വീട്ടിലും ശുദ്ധജല വിതരണം ചെയ്യുന്നതിന്റെ ഭാഗമായി 800 കോടി രൂപയുടെ പദ്ധതിയാണ് ഇടുക്കി നിയോജകമണ്ഡലത്തിൽ മാത്രം നടപ്പാക്കുന്നത്. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 17 ലക്ഷം കുടുംബങ്ങളിലാണ് കുടിവെള്ളം എത്തിയിരുന്നത്. മൂന്നര വർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങളിൽ ശുദ്ധജലം എത്തിക്കാൻ സർക്കാരിന് സാധിച്ചു. ഇടുക്കി ഡാമിന്റെ പ്രതലത്തിൽ ലേസർ ഷോ, മൾട്ടിപ്ലക്സ് തീയറ്ററുകൾ, ഇറിഗേഷൻ മ്യൂസിയം, കട്ടപ്പന-തേനി തുരങ്കപാത ഇവയെല്ലാം നാടിന്റെ പുരോഗതിക്കായി യാഥാർഥ്യമാകുന്ന പദ്ധതികളാണ്. നാടിന്റെ വികസനത്തിന് രാഷ്ട്രീയത്തിന് അതീതമായി  കൂട്ടായശ്രമം വേണമെന്നും, ആ പാരമ്പര്യമാണ് ഇടുക്കി എക്കാലത്തും നിലനിർത്തിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശേരി-തേക്കിൻതണ്ട് റോഡ്, രാജപുരം- കീരിത്തോട് റോഡ്, പള്ളിക്കുടി സിറ്റി-മാങ്കുത്ത് പാലം റോഡ്, മുരിക്കാശേരി ബൈപാസ് റോഡുകൾ, രാജമുടി- പതിനേഴ്കമ്പി-കിളിയാർ റോഡ്, മാലിക്കുത്ത്-കള്ളിപ്പാറ റോഡ് എന്നീ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി മുരിക്കാശേരിയിൽ നിർവഹിച്ചത്.മുരിക്കാശേരി ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്തംഗം കെ.എം ബോബസ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബേബി കാഞ്ഞിരത്താംകുന്നേൽ, ജെയ്മേൻ ജേക്കബ്, സാജു മാത്യു, ബെന്നി തടത്തിൽ, സിബിച്ചൻ തോമസ്, കെ.എ അലി തുടങ്ങിയവർ സംസാരിച്ചു.