പൊതുഗതാഗതം ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതകുരുക്ക് ഒഴിവാക്കും: മന്ത്രി കെ.ബി. ഗണേഷ് കുമാർ

പൊതുഗതാഗതസംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതകുരുക്ക് ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു.

 

 ഇടുക്കി  : പൊതുഗതാഗതസംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതകുരുക്ക് ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. മൂന്നാർ കെഎസ്ആർടിസി  ഡിപ്പോ വികസനത്തിന്റെ ഭാഗമായി  നിർമ്മാണം പൂർത്തീകരിച്ച ഡോർമിറ്ററിയുടെ ഉദ്ഘാടനവും തൊടുപുഴ അൽ-അസ്ഹർ കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന ട്രാൻസിറ്റ് സെന്ററിന്റെയും ഫുഡ്മാളിന്റെയും നിർമ്മാണോദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. 

മൂന്നാർ നഗരത്തിലേക്ക് ഗതാഗതം കുറയ്ക്കുക എന്ന ലക്ഷ്യം പൊതുഗതാഗതത്തെ ഉപയോഗപ്പെടുത്തി യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ഒരു ഡോർമിറ്ററി സംവിധാനം സ്ഥാപിക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന വൃത്തിയുള്ള ബാത്ത് അറ്റാച്ച്ഡ് റൂമുകൾ അടക്കമുള്ള എ.സി. ഡോർമിറ്ററിയാണ് വരുന്നത്. കെ.എസ്.ആർ.ടി.സി.യിൽ തന്നെ ജോലി ചെയ്യുന്നവരാണ് നിർമ്മാണത്തിന്റെ നല്ലൊരു പങ്കും നിർവഹിച്ചത് എന്ന് പറയുന്നത് അഭിമാനകരമായ കാര്യമാണ്. നല്ലൊരു ഫുഡ് കോർട്ട് തുടങ്ങാനുള്ള നടപടി കെ.എസ്.ആർ.ടി.സി. ആരംഭിച്ചു കഴിഞ്ഞു. സാധാരണ കാണുന്നതിന് വ്യത്യസ്തമായി വിദേശ രാജ്യങ്ങളിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ ചെല്ലുമ്പോൾ ലഭിക്കുന്ന തരത്തിലുള്ള അത്രയും നല്ല സൗകര്യങ്ങളോടുകൂടിയ ഫുഡ് കോർട്ടാണ് വരാൻ പോകുന്നത്.

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ മുഖമുദ്രയായി മാറാൻ മൂന്നാറലെ കെ. എസ്. ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസിന് സാധിച്ചു. സോഷ്യൽ മീഡിയയിലൂടെ സ്വദേശികളും വിദേശികളും പങ്കുവയ്ക്കുന്ന മൂന്നാർ ഡബിൾ ഡക്കർ യാത്ര അനുഭവം കെഎസ്ആർടിസിയുടെ വിജയമാണ്. സംസ്ഥാനത്ത് കെഎസ്ആർടിസി മികച്ച പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും പൊതുജനങ്ങളാണ് വകുപ്പിന്റെ ശക്തിയെന്നും മന്ത്രി പറഞ്ഞു.

ഡിപ്പോയുടെ കൂടുതൽ നവീകരണത്തിനായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മൂന്നാറിലെ പൊതുജനങ്ങളുടെ ആവശ്യപ്രകാരം മൂന്ന് ബസുകളാണ് മൂന്നാർ ഡിപ്പോയ്ക്ക് ലഭിച്ചതെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച എ. രാജ എം.എൽ.എ പറഞ്ഞു.

മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ സംഘടിപ്പിച്ച പരിപാടിയിൽ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഡോ. പി. എസ്. പ്രമോജ് ശങ്കർ ഓൺലൈനായി പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ നിജാമുദ്ദീൻ ജെ, വകുപ്പ് ജീവനക്കാർ, അൽ-അസ്ഹർ കോളേജ് ജീവനക്കാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.