മഴക്കാല മുന്നൊരുക്കങ്ങൾ കൃത്യതയോടെ നടപ്പാക്കണം: മന്ത്രി അനൂപ് ജേക്കബ്

ഴക്കാലത്തുണ്ടാകാനിടയുള്ള അപകടങ്ങൾ മുൻകൂട്ടി കണ്ട് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ വേഗതയോടെയും കൃത്യതയോടെയും സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുളള ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് 
 

ഇടുക്കി: മഴക്കാലത്തുണ്ടാകാനിടയുള്ള അപകടങ്ങൾ മുൻകൂട്ടി കണ്ട് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ വേഗതയോടെയും കൃത്യതയോടെയും സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുളള ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർദേശിച്ചു. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിൽ ഇടുക്കി ജില്ലയുടെ സവിശേഷ പ്രകൃതി ദുരന്തമാണ്.

 ഇത് ഒഴിവാക്കാൻ റോഡുകളുടെ ഭിത്തികൾ ശാസ്ത്രീയമായി സംരക്ഷിക്കാൻ ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വിഭാഗവും ശ്രദ്ധിക്കണം. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.പൊലീസിന് ഡ്രോണുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മഴക്കാല രോഗങ്ങൾ നിയന്ത്രിക്കാൻ ആവശ്യത്തിന് മരുന്നുകൾ ആശുപത്രികളിൽ ഉറപ്പാക്കാൻ മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി.

 ജില്ലയിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് യോഗത്തിൽ അറിയിച്ചു. അപകസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർക്കാനുള്ള ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 34 പേരടങ്ങുന്ന എൻ.ഡി.ആർ.എഫിന്റെ ഒരു യൂനിറ്റ് ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂൾ കെട്ടിടങ്ങൾ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  സി.ബി.എസ്.ഇ സ്‌കൂൾ  കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാൻ നടപടി എടുത്തിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമായ നിലയിലാണെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു.
 
വനഭൂമിയിൽ നിന്ന് റോഡുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ വനം വകുപ്പ് മുൻകൈയെടുക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് യോഗത്തിൽ പറഞ്ഞു. അനധികൃത നിർമാണങ്ങളും സാഹസിക ടൂറിസം സംരംഭങ്ങളും ജില്ലയിൽ കൂടിവരുന്ന സാഹചര്യമുണ്ടെന്ന് റോയ് കെ. പൗലോസ് എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാട്ടി. വാർഡ് തലത്തിൽ ഇത്തരം സാഹസിക ടൂറിസം സംരംഭങ്ങളുടെ  കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന്റെ സുരക്ഷ പരിശോധിക്കാൻ ഒരു ടെക്‌നിക്കൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ജൂൺ 15ന് ഇത് സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാകും. സുരക്ഷിതമല്ലാത്തവ ഉടൻ നിർത്തിവയ്ക്കാൻ നോട്ടീസ് നൽകും.
  ഉപയോഗശൂന്യമായ പാറമടകൾ മൂടുകയോ വേലി കെട്ടി സംരക്ഷിക്കുകയോ വേണമെന്ന് സേനാപതി വേണു എം.എൽ.എ ആവശ്യപ്പെട്ടു. പതിവായി അപകടമുണ്ടാകുന്ന തൂവൽ വെള്ളച്ചാട്ടം പോലുള്ള സ്ഥലങ്ങൾ സഞ്ചാരികളും കുട്ടികളും ഇറങ്ങാത്ത വിധത്തിൽ വേലി കെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.