ഇടുക്കി ജില്ലയുടെ വികസനത്തിന് മുതൽക്കൂട്ടാകും പുതിയ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ: കെ.ബി ഗണേഷ് കുമാർ
പത്തു വർഷത്തിനുശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററാണ് ചെറുതോണിയിലേതെന്നും ഇതിന്റെ വിജയകരമായ നടത്തിപ്പ് ജില്ലയുടെ വികസനത്തിന് മുതൽക്കൂട്ടാകും എന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ.
ഇടുക്കി :പത്തു വർഷത്തിനുശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററാണ് ചെറുതോണിയിലേതെന്നും ഇതിന്റെ വിജയകരമായ നടത്തിപ്പ് ജില്ലയുടെ വികസനത്തിന് മുതൽക്കൂട്ടാകും എന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ.
ചെറുതോണി കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും 2 കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിക്കുന്ന കെഎസ്ആർടിസി 4 ബേ ഗ്യാരേജിന്റെ നിർമ്മാണോദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ ജില്ലയിലെ ഏഴാമത്തേത്തതും സംസ്ഥാനത്തെ 94-ാമത്തെയും ബസ് ഓപ്പറേറ്റിംഗ് സെന്ററാണിത്. 10 വർഷമായി ഓപ്പറേറ്റിംഗ് സെന്ററുകൾ അടയ്ക്കുകയാണ് ചെയ്തത്. പല ഓപ്പറേറ്റിംഗ് സെന്ററുകളും വലിയ നഷ്ടത്തിലായി. അതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മന്ത്രി റോഷി അഗസ്റ്റിന്റെ നിർബന്ധപ്രകാരം ചെറുതോണിയിൽ പുതിയ ബസ് സ്റ്റേഷൻ തുടങ്ങുന്നത്.
ജില്ലയുടെ ആസ്ഥാനത്തു നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൂപ്പർ ഡീലക്‌സ് ബസുകൾ, സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകൾ അങ്ങനെ വിവിധ ശ്രേണിയിൽ പെട്ട ബസുകൾ ആരംഭിക്കുന്നു. 12 സർവീസുകളാണ് ഇവിടെ നിന്ന് ആരംഭിക്കുന്നത്. സൂപ്പർ ഡീലക്‌സ്, സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെ വിവിധ ശ്രേണിയിലെ ബസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തും. കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുള്ള പ്രത്യേക സർവീസും ആരംഭിക്കാനാണ് തീരുമാനം.
ജില്ലാ പഞ്ചായത്ത് നൽകിയ 40 സെന്റ് സ്ഥലത്താണ് നാല് ബേ'കളുള്ള ഒരു ബസ് സ്റ്റേഷൻ പണി തുടങ്ങുന്നത്. അതിനുള്ള കരാർ ഒപ്പുവച്ചു. ഇവിടെ 15128 സ്‌ക്വയർ ഫീറ്റിലുള്ള മറ്റൊരു കെട്ടിടവും നിർമ്മിക്കും. അതിനായി 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതി പൂർണ്ണ സജ്ജമാകന്നതോടെ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കും.
പൈനാവിൽ നിർമാണം പൂർത്തിയായ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മോട്ടോർ വാഹന ലൈസൻസ് ടെസ്റ്റ് മുഴുവൻ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയുടെ ഭൂപ്രകൃതി കണക്കിലെടുത്ത് ജില്ലാ ആസ്ഥാനത്ത് നിന്ന് വളരെ ദൂരപ്രദേശങ്ങളിൽ പോയി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുക പ്രയാസകരമായതിനാലാണിത്.
കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങാനും ഗ്രൗണ്ട് പ്രയോജനപ്പെടുത്തും. നിലവിൽ ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങാനായി ഭൂമിയും വാഹനങ്ങളുമുണ്ട്. പക്ഷേ നിയമാനുസൃതം പരിശീലനത്തിനും തിയറി ക്ലാസുകൾ പഠിപ്പിക്കുന്നതിനും ക്ലാസ് മുറികൾ ലഭ്യമായാലേ മോട്ടോർ വാഹന വകുപ്പിന് കെ.എസ്.ആർ.ടി.സിയുടെ അംഗീകാരം കൊടുക്കാൻ കഴിയുകയുള്ളൂ. ഇക്കാര്യത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതോടെ കെ.എസ്.ആർ.ടി.സി യുടെ 32 -ാമത്തെ ഡ്രൈവിംഗ് സ്‌കൂൾ ഇടുക്കിയിൽ യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ചെറുതോണിയിൽ നടന്ന യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ സർവീസുകൾ നാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്ന് തന്നെ കട്ടപ്പനയിലും മൂലമറ്റത്തും കെഎസ്ആർടിസിയുടെ ഓപ്പറേറ്റിംഗ് സെന്ററും എറ്റിയോ ഓഫീസും നിലവിലുണ്ട്. എന്നാൽ ജില്ലാ ആസ്ഥാനം എന്ന നിലയിൽ ഇവിടുന്ന് ബസ് ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. അടിസ്ഥാനപരമായുള്ള ചില കാര്യങ്ങൾ പരിഹരിക്കാൻ ചില താമസങ്ങൾ നേരിട്ടു. ഡിപ്പോ അഥവ ഓപ്പറേറ്റിംഗ് സെന്റർ യാഥാർഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
ചെറുതോണിയിൽ നിർമ്മിച്ചിട്ടുള്ള ബസ് സ്റ്റാൻഡ്, ബസ് സ്റ്റാൻഡിലേക്കുള്ള റോഡ്, ബസ് ബേ കോൺക്രീറ്റിംഗ്, പുറത്തേക്കുള്ള റോഡിൽ കലുങ്ക് നിർമ്മാണം, എന്നിവയ്ക്കായി എംഎൽഎ ഫണ്ടിൽ നിന്ന് 1.30 കോടി രൂപയും, സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 3.40 കോടി രൂപ ജലവിഭവ വകുപ്പ് മുഖേനയും ചെലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
കുമളി- കോയമ്പത്തൂർ (സൂപ്പർ ഡിലക്സ്), കുമളി-കണ്ണൂർ (സൂപ്പർ ഡീലക്സ്), കട്ടപ്പന-തിരുവനന്തപുരം (സൂപ്പർ ഡീലക്സ്), കട്ടപ്പന-പുൽപ്പള്ളി (സൂപ്പർഫാസ്റ്റ് പ്രീമിയം) എന്നീ സർവീസുകളും ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്, ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണൻ, നൗഷാദ് റ്റി.ഇ. അമ്മിണി ജോസ്, പ്രഭ തങ്കച്ചൻ, സിജി ചാക്കോ, രാജു ജോസഫ്, കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പി.എസ് പ്രമോജ് ശങ്കർ, കട്ടപ്പന അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ഷാജി കുര്യാക്കോ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സിവി വർഗീസ്, ഷാജി കാഞ്ഞമല, സലിം കുമാർ അനിൽ കൂവപ്ലാക്കൽ, അസ്സിസ്, ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, രതീഷ് അത്തിപ്പള്ളി, തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം: ചെറുതോണി കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും 2 കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിക്കുന്ന കെഎസ്ആർടിസി 4 ബേ ഗ്യാരേജിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി കെ.ബി ഗണേഷ് കുമാർ ഓൺലൈനായി നിർവഹിച്ചു സംസാരിക്കുന്നു.