ഇടുക്കിയിൽ ഭക്ഷ്യോത്പാദക വിതരണ മേഖലയിലെ 618 സ്ഥാപനങ്ങളിൽ പരിശോധന; 250500 രൂപ പിഴയീടാക്കി
2026 മാർച്ച് മുതൽ ജൂൺ വരെയുളള കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഭക്ഷ്യോത്പാദക വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളിൽ 618 പരിശോധനകൾ നടത്തി.
ഇടുക്കി : 2026 മാർച്ച് മുതൽ ജൂൺ വരെയുളള കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഭക്ഷ്യോത്പാദക വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളിൽ 618 പരിശോധനകൾ നടത്തി. പിഴവുകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് 250500 രൂപ പിഴ ഈടാക്കി. 195 സ്റ്റ്യാറ്റൂട്ടറി സാമ്പിളുകളും 304 സർവേയലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. സാമ്പിളുകളുടെ പരിശോധനകളിൽ 13 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ലഘുവായ ന്യുനതകൾ പരിഹരിക്കുന്നതിന് 149 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകി. 18 സ്ഥാപനങ്ങൾക്ക് സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നോട്ടീസും നൽകി. ഈ കാലയളവിൽ മൊബൈൽ ഫുഡ് ലാബിൽ 1186 പരിശോധനകൾ നടത്തി. 91 പരാതികളിൽ 90 എണ്ണം തീർപ്പാക്കി. 5 പ്രോസിക്യൂഷൻ കേസുകൾ ഫയൽ ചെയ്തു.
തൊടുപുഴ സർക്കിളിൽ ലേബൽ വിവരങ്ങളില്ലാത്ത വെളിച്ചെണ്ണ വിൽപ്പന നടത്തിയതിന് ഉത്പാദകരായ കോനൂസ് അഗ്രോ ഓയിൽ മിൽ, തൃശൂർ എന്ന സ്ഥാപനത്തിന് 10000 രൂപയും ചില്ലറവിൽപ്പന നടത്തിയ കൊച്ചേരിയിൽ ഏജൻസീസ് കുമാരമംഗലം എന്ന സ്ഥാപനത്തിന് 5000 രൂപയും ഇടുക്കി ആർ.ഡി.ഓ പിഴ ചുമത്തി.ഗുണനിലാരം കുറഞ്ഞ സിന്തറ്റിക് വിനഗർ വിൽപ്പന നടത്തിയതിന് ഉത്പാദകരായ യുഎംഎസ് എന്റർപ്രൈസസ്, തേക്കുമാരി, പാലക്കാട് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.
പീരുമേട് സർക്കിളിൽ നിശ്ചിതഗുണനിലവാരം ഇല്ലാത്ത സിന്തറ്റിക് വിനഗർ വിൽപ്പന നടത്തിയതിന് ഉത്പാദകരായ മരോട്ടിക്കൽ ട്രേഡേഴ്‌സ്, കുഴിവേലിപ്പടി, ആലുവ എന്ന സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. നിശ്ചിതഗുണനിലവാരം ഇല്ലാത്ത പപ്പടം വിൽപ്പന നടത്തിയതിന് ഉത്പാദകരായ അനകുമാർ മാനുഫാക്ചറിംഗ്, മധുര എന്ന സ്ഥാപനത്തിന് 15000 രൂപയും ചില്ലറവിൽപ്പന നടത്തിയ അറഫ ട്രേഡിംഗ് കമ്പനി, കുമളി എന്ന സ്ഥാപനത്തിന് 10000 രൂപയും പിഴ ചുമത്തി. ലേബൽ വിവരങ്ങൾ ഇല്ലാതെ കേക്ക് വിൽപ്പന നടത്തിയതിന് ലിറ്റിൽ ട്രെഡ്‌സ് കേക്ക് ഷോപ്പ്, വണ്ടിപ്പെരിയാർ എന്ന സ്ഥാപനത്തിന് 2500 രൂപ പിഴ ചുമത്തി.
ദേവികുളം സർക്കിളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും, മത്സ്യ അവശിഷ്ടം നിയമപ്രകാരം സംസ്‌ക്കരിക്കാത്തതിനും കളരിക്കൽ ഫിഷറീസ് അടിമാലി എന്ന സ്ഥാപനത്തിന് ദേവികുളം ആർ.ഡി.ഒ 10000 രൂപ പിഴ ചുമത്തി. ഉടുമ്പൻചോല സർക്കിളിൽ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിന് കല്ലാർ സ്വീറ്റ്‌സ്, പാമ്പാടുംപാറ എന്ന സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി. രാജകുമാരി പഞ്ചായത്തിലെ ക്വീൻസ് കാറ്ററിംഗ്, രാജകുമാരി എന്ന സ്ഥാപനത്തിന് സാധുവായ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും, പരിശോധനയിൽ കണ്ടെത്തിയ മറ്റ് വീഴ്ചകൾക്കും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി.
കൃത്രിമ കളർ ചേർന്ന ചിപ്സ് ഉണ്ടാക്കി വിൽപ്പന നടത്തിയ മഹാറാണി മെഗാമാർട്ട് തൊടുപുഴ, കൃത്രിമ കളർ ചേർന്ന കേക്ക് വിൽപ്പന നടത്തിയ എയ്ഞ്ചൽ ബേക്കറി, മുതലക്കോടം, അധിക അളവിൽ പ്രസർവേറ്റീവുകൾ ചേർത്ത പ്ലം കേക്ക് തയ്യാറാക്കി വിൽപ്പന നടത്തിയ ഇന്ത്യൻ ബേക്കറി, കാഞ്ഞിരമറ്റം എന്നീ സ്ഥാപനങ്ങൾക്ക് മുട്ടം സിജെഎം കോടതി 10000 രൂപ വീതം പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.
ബനാനാ ചിപസിൽ കൃത്രിമ കളർ ചേർത്ത് വിൽപ്പന നടത്തിയ സപൂൺ ബേക്കറി, അടിമാലി എന്ന സ്ഥാപനത്തിന് അടിമാലി ജെഎഫ്‌സിഎം കോടതി 25000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.
റ്റീ റസ്‌കിൽ കൃത്രിമ കളർ ചേർത്ത് വിൽപ്പന നടത്തിയ ഡീൻ ബേക്കറി, മൂന്നാർ എന്ന സ്ഥാപനത്തിന് 20000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു. ചിക്കൻ കറിയിൽ കൃത്രിമ കളർ ചേർത്ത് വിൽപ്പന നടത്തിയ സഫയർ ഹോട്ടൽ ആന്റ് റസ്റ്ററസ്റ്റ്, അടിമാലി എന്ന സ്ഥാപനത്തിന് എന്ന 15000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു. ബനാനാ ചിപ്സിൽ കൃത്രിമ കളർ ചേർത്ത് വിൽപ്പന നടത്തിയ കേരള കാഷ്യൂ സ്‌പൈസസ് ചിപ്‌സ് ആന്റ് ഹൽവ എന്ന സ്ഥാപനത്തിന് പീരുമേട് ജെഎഫ്‌സിഎം കോടതി 25000 രൂപ പിഴയും കോടതി പിരിയുന്നതു വരെ തടവും വിധിച്ചു. അമിതമായി അളവിൽ കീടനാശിനി കലർന്ന വറ്റൽ മുളകിൽ വിൽപ്പന നടത്തിയ ലിറ്റി സ്‌പൈസസ്, വണ്ടിപ്പെരിയാർ എന്ന സ്ഥാപനത്തിന് 50000 രൂപ പിഴയും വിതരണക്കാരൻ രാജ ദുരൈ, വണ്ടിപ്പെരിയാർ എന്നയാൾക്ക് 25000 രൂപ പിഴയും വിധിച്ചു.